മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേടിയ മികച്ച വിജയത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവവുമാണെന്ന് ശിവസേന. കാവല്‍ക്കാരനെ കോണ്‍ഗ്രസ് കള്ളനെന്ന് വിളിച്ചുവെങ്കിലും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി.

തൊഴിലില്ലായ്മയും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, അവയ്ക്ക് പരിഹാരം കാണാന്‍ പ്രാപ്തനായ നേതാവിനെ ജനം തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന് അറുപത് വര്‍ഷങ്ങള്‍ നല്‍കി, എന്തുകൊണ്ട് മോദിക്ക് അഞ്ച് വര്‍ഷംകൂടി നല്‍കിക്കൂടയെന്ന് ജനം ചിന്തിച്ചു. മോദിയെപ്പോലെ കരുത്തനായ ഒരു നേതാവ് പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ അശോക് ചവാനെയും ശുശീല്‍ കുമാര്‍ ഷിന്‍ഡെയേയും പോലെയുള്ള നേതാക്കള്‍ പരാജയപ്പെട്ടു. സുപ്രിയ സുളേയുടെ വിജയമാണ് എന്‍സിപിക്ക് ഏക ആശ്വാസം നല്‍കിയത്.

എസ്.പി - ബി.എസ്.പി സഖ്യത്തിനോ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്കോ യു.പിയില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സാമ്‌നയിലെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ശിവസേന നേരത്തെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നത് മുഖപത്രമായ സാമ്‌നയിലൂടെ ആയിരുന്നു.

Content Highlights: Shiv Sena, Saamana, PM Modi, Amit Shah