കൊല്‍ക്കത്ത: വിമാനം വാടകയ്‌ക്കെടുക്കാനുള്ള പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. പത്ത് സീറ്റുള്ള വിമാനം അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കാനാണ് നീക്കം. സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി (മമത ബാനര്‍ജി) ക്കുവേണ്ടിയാണ് വിമാനം വാടകയ്ക്ക് എടുക്കുന്നതെന്നാണ് ബിജെപിയുടെ വിമര്‍ശം.

ജൂണ്‍ 11-നാണ് ബംഗാളിലെ ട്രാന്‍സ്‌പോര്‍ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വിമാനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഈ-ടെന്‍ഡര്‍ ക്ഷണിച്ചത്. രണ്ട് എന്‍ജിനുള്ള ഫാല്‍ക്കണ്‍ 2000 വിമാനമാണ് വാടകയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്. വിമാനവും ജീവനക്കാരെയും നല്‍കുന്ന കമ്പനി അറ്റകുറ്റപ്പണിയും നടത്തണം എന്നാണ് വ്യവസ്ഥ. പ്രതിമാസം വിമാനം 45 മണിക്കൂറെങ്കിലും പറക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ നീക്കത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിട്ടുള്ളത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് വിമാനം വാടകയ്ക്ക് എടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു. സ്വയം പ്രഖ്യാപിച പ്രധാനമന്ത്രിക്ക് വേണ്ടിയാണ് 'പുഷ്പക വിമാനം' വാടകയ്ക്ക് എടുക്കുന്നതെന്നും മമതയുടെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു. നിലവില്‍ സര്‍ക്കാരിന് ഒരു ഹെലിക്കോപ്റ്റര്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി. ഇനി ഒരു വിമാനംകൂടി എന്തിനാണ് ? പണം ധൂര്‍ത്തടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും ഒന്നിലധികം വിമാനങ്ങള്‍ ഉണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗം സൗഗത റോയ് ചൂണ്ടിക്കാട്ടി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്ത് സര്‍ക്കാരിന്റെ വിമാനത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പറന്നാണ് നരേന്ദ്ര മോദി പ്രചാരണം നടത്തിയത് എന്നകാര്യം സുവേന്ദു അധികാരി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുവേന്ദു ഗതാഗത മമന്ത്രിയായിരുന്ന സമയത്തുതന്നെ വിമാനം വാടകയ്ക്ക് എടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ഫിര്‍ഹാദ് ഹക്കീം ആരോപിച്ചു. മന്ത്രിയായിരുന്നപ്പോള്‍ അധികാരിയും സര്‍ക്കാരിന്റെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചിരുന്നകാര്യം മറക്കരുതെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷും പറഞ്ഞു.

Content Highlights: Self-proclaimed PM, BJP's jibe at Mamata for leasing a plane