Photo: Mathrubhumi
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാത്തതിരിക്കുന്നതിനായി പ്രത്യേക ഫണ്ട് രൂപവത്കരിക്കുന്നതിന് നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരമായി മാനേജുമെന്റുകളില്‍ നിന്ന് ഫണ്ടിനുള്ള പണം സമാഹരിക്കണം. ഇതിനായി നിയമ നിര്‍മ്മാണം കൊണ്ടുവരുന്ന കാര്യം ഗൗരവമായി പരിഗണിക്കാന്‍ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണമോ, കോളേജുകള്‍ അടയ്ക്കുന്നത് കാരണമോ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനാണ് പ്രത്യേക ഫണ്ട് രൂപവത്കരിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.
ഫണ്ടിനുള്ള പണം മാനേജ്മെന്റുകളില്‍ നിന്ന് തന്നെ സമാഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രാജ്യാന്തര തലത്തില്‍ തന്നെ പല സ്ഥലങ്ങളിലും ഇത്തരം ഫണ്ടുകള്‍ ഉണ്ടെന്നും ജസ്റ്റിസ്മാരായ യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പാലക്കാട് ചെര്‍പ്പുളശേരി കേരള മെഡിക്കല്‍ കോളേജില്‍നിന്ന് കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലേക്ക് മാറിപ്പോയ അഞ്ച് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഈ അഞ്ച് വിദ്യാര്‍ഥികള്‍ക്കും ആദ്യം പ്രവേശനം ലഭിച്ചത് പാലക്കാട് ചെര്‍പ്പുളശേരി കേരള മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. എന്നാല്‍ അവിടെ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ രണ്ടാം വര്‍ഷം കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലേക്ക് ഇവര്‍ മാറി.
കേരള മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷത്തെ വാര്‍ഷിക ഫീസ് വിദ്യാര്‍ഥികള്‍ നല്‍കിയിരുന്നു. എന്നാല്‍ കെ.എം.സി.ടി മെഡിക്കല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളോട് വീണ്ടും രണ്ടാം വര്‍ഷ ഫീസ് നല്‍കാന്‍ നിര്‍ദേശിച്ചു. ഒരേ കോഴ്‌സിലെ ഇരട്ട ഫീസിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി ഹൈകോടതി വിധിച്ചു. ആറ് മാസത്തിനുള്ളില്‍ കേരള മെഡിക്കല്‍ കോളേജില്‍ നിന്ന് റവന്യു റിക്കവറിയിലൂടെ പണം കണ്ട് കെട്ടി വിദ്യാര്‍ഥികളുടെ ഫീസ് നല്‍കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതില്‍ വീഴ്ച ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫീസ് അടയാക്കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
റവന്യു റിക്കവറി സാധ്യമാണെങ്കിലും, വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും വാദിച്ചു. എന്നാല്‍ ഈ വാദം സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.
Content Highlights: Self Financing College Students Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..