കതിഹാര്‍ (ബീഹാര്‍): സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെയാണ് ജനങ്ങള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. സാമൂഹികപ്രവര്‍ത്തകരെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യാം, എന്നാല്‍ കശ്മീരില്‍ നിന്ന് തീവ്രവാദികള്‍ക്കൊപ്പം പിടികൂടിയ പോലീസുകാരനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല. പൗരത്വ നിയമഭേദഗതി, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ.
"ഈ ഗോഡ്‌സേവാദികളായ ബിജെപി നേതാക്കള്‍ യുവാക്കളുടെ കൈകളിലേക്ക് തോക്കു നല്‍കുകയും അമിത്ഷായെ പോലുള്ള നേതാക്കള്‍ മക്കള്‍ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. മുതിര്‍ന്ന നേതാക്കള്‍ അവരുടെ മക്കളെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് പോലുള്ള ഉയര്‍ന്ന സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭാസത്തിനായി അയക്കുമ്പോള്‍ രാജ്യത്തെ യുവാക്കള്‍ കേവലം മൂന്നു വര്‍ഷത്തെ ബിരുദം അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കേണ്ട അവസ്ഥയാണ് നേരിടുന്നത്".
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തിട്ടും പുതിയ ഭേദഗതിയുടെ ആവശ്യകതയുണ്ടെന്ന് കേന്ദ്രത്തിന് തോന്നിയത് എന്തുകൊണ്ടാണ്? ഇത്തരം പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നയം എന്തിനാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കനയ്യ കുമാര്‍ ചോദിക്കുന്നു.
പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ അഭയാര്‍ഥികളായവരുടെ പൗരത്വത്തിന് എതിരാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണ്. ഇന്ത്യന്‍ പൗരത്വം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് നിലവിലെ നിമയപ്രകാരം അത് ലഭിക്കുന്നതാണെന്നും കനയ്യ കുമാർ പറഞ്ഞു.
Content Highlights: sedition charge giving as prasad says, Kanhaiya Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..