ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് പാട്ടൊരുക്കിയ നാടോടി ഗായകന് കോവന് അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 54-കാരനായ കോവന് മക്കള്‍ കലൈ ലാക്കിയ കഴകം എന്ന സംഗീത സംഘത്തിലെ അംഗമാണ്. ട്രിച്ചിയില്‍ നിന്നും വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത കോവനെ പോലീസ് ചെന്നൈയിലേക്ക് കൊണ്ടുപോയി.
ഈ മാസം ആദ്യമാണ് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോവന്റെ പാട്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. വളരെ പെട്ടന്നുതന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. സ്കൂളുകളെല്ലാം അടച്ചിരിക്കുമ്പോഴും തമിഴ്്നാട്ടില്‍ എല്ലായിടത്തും ഇപ്പോഴും മദ്യശാലകള്‍ തുറന്നിരിക്കുകയാണ് എന്നാക്ഷേപിച്ചുകൊണ്ടുള്ള ഗാനമായിരുന്നു അത്. കൂടാതെ മദ്യം വിളമ്പുന്ന ജയലളിതയുടെ കാരിക്കേച്ചറും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ചെന്നൈ പോലീസ് കോവനെ അറസ്റ്റ് ചെയ്തത്.
27,000 കോടിയുടെ റവന്യൂ വരുമാനമാണ് മദ്യശാലകളിലൂടെ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എതിര്‍കക്ഷികളായ ഡിഎംകെ, പിഎംകെ എന്നീ പാര്‍ട്ടികള്‍ തങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ നിരോധിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.