ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബി.ജെ.പി. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബി.ജെ.പി. നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച മുകുള്‍ റോയ് തന്റെ മുന്‍ പാര്‍ട്ടിയായ തൃണമൂലിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചത്. അതേസമയം, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം മുകുള്‍ റോയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബി.ജെ.പിയുടെ 77 എം.എല്‍.എമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

മുകുള്‍ റോയ് പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുഭാവികളായ മുപ്പതോളം എം.എല്‍.എമാര്‍ തൃണമൂലിലേക്ക് ചേക്കേറാനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ രണ്ടു ഡസനോളം എം.എല്‍.എമാര്‍ വിട്ടുനിന്നിരുന്നു.

Content Highlights: Security of TMC leader  Mukul Roy has been withdrawn by Ministry of Home Affairs