ഗുസ്തിതാരം സാക്ഷി മാലിക് പ്രതിഷേധത്തിനിടെ | Photo:PTI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്. ലൈംഗികാതിക്രമത്തില്‍ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ ഇവിടേക്ക് എത്തിച്ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളിലെ പരിശോധനയും പോലീസ് ശക്തമാക്കിയിട്ടുണ്ട്.
പഞ്ചാബില്‍നിന്നുള്ള കര്‍ഷക സംഘടനയായ 'പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി' പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞിരിക്കുകയാണ്. ഹരിയാണയില്‍ നിന്ന് നിരവധി പേര്‍ സിംഘ് അതിര്‍ത്തി വഴി തലസ്ഥാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കുമെന്നതിനാല്‍ സ്ഥലത്ത് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇതിന് പുറമെ തിക്രി അതിര്‍ത്തിയിലും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
നിരവധി കര്‍ഷക നേതാക്കള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണം സിങ് ചരുണിയെ അംബാലയില്‍ വച്ച് പോലീസ് തടവിലാക്കി. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഞായറാഴ്ച രാവിലെ 10.30-ഓടെ ഗാസിയാബാദ് അതിര്‍ത്തിയില്‍ താരങ്ങള്‍ക്ക് പിന്തുണയുമായി അണിനിരക്കും. ഇവര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
എന്ത് വിലകൊടുത്തും മഹിളാ സമ്മാന്‍ പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, പാര്‍ലമെന്റ് മന്ദിരത്തിന്റെ സമീപത്തേക്ക് പ്രവേശിക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. മഹാപഞ്ചായത്ത് നടത്താന്‍ തലസ്ഥാനത്ത് അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Security increased at Delhi borders ahead of wrestlers protest march to Parliament
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..