ന്യൂഡല്‍ഹി:  എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ സുരക്ഷാ വീഴ്ച. ഡല്‍ഹിയിലെ അതിസുരക്ഷാ മേഖലയായ ലോധി എസ്‌റ്റേറ്റിലെ പ്രിയങ്കയുടെ വസതിയിലേക്ക് ഒരു സംഘം കാര്‍ ഓടിച്ച് കാര്‍പോര്‍ച്ചിന് സമീപം വരെ എത്തി.

ഒരു പെണ്‍കുട്ടി ഉള്‍പ്പടെ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. പൂന്തോട്ടത്തിലേക്ക് നടന്നെത്തിയ ഇവര്‍ പ്രിയങ്കയ്‌ക്കൊപ്പം ഫോട്ടോ എടുക്കണം എന്ന് ആവശ്യപ്പെട്ടു. യുപിയില്‍ നിന്ന് ചിത്രം എടുക്കാനായി മാത്രമാണ് ഇത്രയും ദൂരം താണ്ടി എത്തിയതെന്നും അവര്‍ അറിയിച്ചു.

മുന്‍ കൂട്ടി അനുമതി വാങ്ങാതെ അതിഥികള്‍ക്ക് ആര്‍ക്കും പ്രവേശനം ലഭിക്കാത്ത സ്ഥലത്താണ് ഇത് നടന്നത്. അപ്രതീക്ഷിതമായി ഒരു സംഘത്തെ കണ്ട് പ്രിയങ്കയും ആശ്ചചര്യപ്പെട്ടു. സിആര്‍പിഎഫിന് പോലും സന്ദര്‍ശകര്‍ വരുന്ന കാര്യം അറിയില്ലായിരുന്നു. തന്റെ അനുമതിയില്ലാതെ എങ്ങനെയാണ് കാറില്‍ ഇവിടെ വരെ എത്തിയതെന്ന് പ്രിയങ്ക ഇവരോട് ചോദിക്കുകയും ചെയ്തു.

വിവരം അറിഞ്ഞ സിആര്‍പിഎഫ് പാഞ്ഞെത്തി. വളരെ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്യൂട്ടിയിലുണ്ടായിരുന്ന അംഗരക്ഷകര്‍ കാര്‍ അകത്തേക്ക് കടത്തിവിടുക മാത്രമല്ല യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ പോലും തയ്യാറായില്ല.

'സുരക്ഷാ വീഴ്ച സംഭവിച്ചു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയില്ല. പ്രിയങ്ക അവരോട് സംസാരിച്ചു, ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അവര്‍ തിരിച്ചുപോകുകയും ചെയ്തു. അതിന് ശേഷം ഓഫീസിലുണ്ടായിരുന്നവര്‍ വിവരം സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍ പെടുത്തി'. പ്രിയങ്കയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സോണിയയുടേയും രാഹുലിന്റെയും പ്രിയങ്കയുടെയും ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കിയതിന് പിന്നാലെ നവംബര്‍ 25 നാണ് ഈ സംഭവം നടന്നത്.

Content Highlights: Family Drove In, Asked For Photo