ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങള്‍ ഇരുട്ടിന്റേതാണെന്ന് സ്വരാജ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും സാംസ്‌കാരിക വിമര്‍ശകനുമായ യോഗേന്ദ്ര യാദവ് പറയുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ യോഗേന്ദ്ര യാദവുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്:
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാണ് നിര്‍മ്മിക്കപ്പെടുന്നതെന്നാണ്. താങ്കള്‍ ഈ നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ?
ഇന്നലെ അയോദ്ധ്യയില്‍ നടന്നത് ഭൂരിപക്ഷവാദത്തിലടിയുറച്ച ഒരു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ്. മതേതരത്വത്തിന്റെ മരണത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. സാധാരണഗതിയില്‍ ഒരു ആരാധനാലയത്തിന്റെ നിര്‍മ്മാണ പ്രക്രിയ തുടങ്ങുമ്പോള്‍ അതില്‍ ആഹ്ളാദിക്കാതിരിക്കേണ്ട കാര്യമില്ല. ഭഗവാന്‍ രാമന് ഇന്ത്യയിലെവിടെ വേണമെങ്കിലും ക്ഷേത്രം നിര്‍മ്മിക്കാം, അയോദ്ധ്യയില്‍ പ്രത്യേകിച്ചും. അതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവേണ്ട കാര്യമില്ല. ഇന്നലെ നടന്നത് സാങ്കേതികമായി തീര്‍ത്തും നിയമപരമായ ചടങ്ങാണ്. സുപ്രീം കോടതി അനുവദിച്ചതാണത്. ആ വിധിയെക്കുറിച്ച് എന്തൊക്കെ അഭിപ്രായമുണ്ടെങ്കിലും ആ വിധി നടപ്പാക്കപ്പെടുന്നതില്‍ എതിരഭിപ്രായം ഉണ്ടാവേണ്ടതില്ല.പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഇന്നലെ അയോദ്ധ്യയില്‍ നടന്നത് ഇതിനും അപ്പുറത്ത് പല തലങ്ങളുള്ള കാര്യമാണ്.
.
പല തരം അധികാരങ്ങളുടെ സമ്മേളനമാണ് അയോദ്ധ്യയിലുണ്ടായത്. പ്രധാനമന്ത്രി മോദിയുടെയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും രൂപത്തില്‍ രാഷ്ട്രീയ അധികാരം അതിന്റെ എല്ലാ പ്രതാപത്തോടെയും അവിടെയുണ്ടായിരുന്നു. ഈ രാഷ്ട്രീയ അനുഷ്ഠാനത്തിന് ഭഗവാന്‍ രാമനുമായി ഒരു ബന്ധവുമില്ല. വിജയത്തിന്റെ, കീഴ്പ്പെടുത്തലിന്റെ അനുഷ്ഠാനമാണത്. ഒരു ഭരണാധികാരി മതപരമായ ചടങ്ങുകളില്‍ വ്യക്തിപരമായി പങ്കെടുക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷേ, ഔദ്യോഗികമായി പങ്കെടുക്കുന്നത് മറ്റൊരു കാര്യമാണ്.
വാസ്തവത്തില്‍ ഭരണാധികാരികളുടെ നടപടികള്‍ അങ്ങിനെ വ്യക്തിപരവും ഔദ്യോഗികപരവുമായി തരം തിരിക്കാനാവുമോ? പ്രധാനമന്ത്രി എവിടെപ്പോയാലും അദ്ദേഹം പ്രധാനമന്ത്രി തന്നെയല്ലേ?
വ്യത്യാസമുണ്ട്. പ്രധാനമന്ത്രി ഒരു സ്ഥലത്ത് പ്രാര്‍ത്ഥിക്കാനായി പോവുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വീട്ടില്‍ പ്രാര്‍ത്ഥിക്കുന്നതിനോ അതുപോലുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനോ തടസ്സമില്ല. പക്ഷേ, പൊതുവേദിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യ കാര്യകര്‍ത്താവായി പോകുന്നത് തീര്‍ത്തും വ്യത്യസ്തമാണ്.
സോമനാഥക്ഷേത്രം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ തലത്തിലായിരിക്കണം എന്ന് ജവഹര്‍ലാല്‍ നെഹ്രു നിഷ്‌കര്‍ഷിച്ചത് ഇതുകൊണ്ടായിരിക്കണം?
തീര്‍ച്ചയായും. മതത്തെ അംഗികരിക്കുമ്പോള്‍ തന്നെ മതവും ഭരണകൂടവും കൂടിക്കുഴയരുതെന്ന മതേതര കാഴ്ചപ്പാടാണത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അയോദ്ധ്യയില്‍ ഇന്നലെ വിവിധ അധികാര സ്വരൂപങ്ങളുടെ പ്രദര്‍ശനവും സമ്മേളനവുമായിരുന്നു. ഭരണകൂടം, രാജ്യത്തെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പാര്‍ട്ടി, ഏറ്റവും വലിയ മതവിഭാഗം, ആധുനിക മാദ്ധ്യമങ്ങള്‍ - ഇവയുടെയെല്ലാം ഒത്തുചേരലാണ് നമ്മള്‍ കണ്ടത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഈ കൂടിച്ചേരലില്‍ നേരത്തെ പ്രതിപക്ഷത്തിന്റെ അധികാരശക്തിയുടെ അഭാവമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഈ ആഖ്യാനത്തിന് കീഴ്പെട്ടതോടെ അതുമുണ്ടായി. അധികാരം അതിന്റെ വിശ്വരൂപത്തില്‍ അയോദ്ധ്യയില്‍ അവതരിക്കുകയായിരുന്നു.
അതുകൊണ്ടാണ് അതൊരു രാഷ്ട്രീയ ചടങ്ങായിരുന്നുവെന്നും ആദ്ധ്യാത്മിക ചടങ്ങായിരുന്നില്ലെന്നും ഞാന്‍ പറഞ്ഞത്. ആധുനിക ഇന്ത്യയെയല്ല നമ്മള്‍ അവിടെ കണ്ടത്. നമ്മള്‍ വാസ്തവത്തില്‍ കാലത്തിലൂടെ പിന്തിരിഞ്ഞ് നടക്കുകയായിരുന്നു. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ അണക്കെട്ടുകളാണെന്നാണ് പ്രഥമ പ്രധാനമന്ത്രി നെഹ്രു പറഞ്ഞത്. ഇന്നിപ്പോള്‍ പുതിയ പരിസ്ഥിതി അവബോധത്തിന്റെ വെളിച്ചത്തില്‍ ആ കാഴ്ചപ്പാടിനോട് നമ്മള്‍ യോജിക്കണമെന്നില്ല. പക്ഷേ, നെഹ്രു ആ പരികല്‍പനകൊണ്ട് അര്‍ത്ഥമാക്കിയത് നമ്മുടെ പുതിയ നിര്‍മ്മിതികള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉപകാരപ്രദമായിരിക്കണം എന്നാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇടങ്ങളായിരുന്നു നെഹ്രുവിന്റെ മനസ്സില്‍. മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കുന്ന നിര്‍മ്മിതികളാണ് ആധുനിക ഇന്ത്യയില്‍ വേണ്ടതെന്നാണ് നെഹ്രു പറഞ്ഞുവെച്ചത്.
അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമായി അവതരിപ്പിക്കപ്പെടുന്നത് സാംസ്‌കാരികമായുള്ള പിന്‍ നടത്തമാണെന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?
ഒരു കാര്യം ഇവിടെ വ്യക്തമാക്കേണ്ടതായുണ്ട്. മതാത്മകത എന്റെ വ്യക്തിത്വത്തിന്റെ ഭാഗമല്ല. പക്ഷേ, മതങ്ങളോടും ആദ്ധ്യാത്മികതയോടും എനിക്ക് വലിയ ആദരവുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭഗവാന്‍ രാമനെന്ന വീക്ഷണം തള്ളിക്കളയേണ്ടതില്ല. സാര്‍വ്വലൗകികമായ മൂല്ല്യങ്ങളുടെ പ്രതിനിധാനം രാമനിലുണ്ട്. നമ്മുടെ മിക്കവാറും പുരാണങ്ങളിലും ഇതിഹാസങ്ങളിലും രാമന്‍ അക്രമകാരിയല്ല. ദയയുടെയും കാരുണ്യത്തിന്റെയും മര്യാദയുടെയും മൂര്‍ത്തിമദ്ഭാവമാണ് രാമന്‍. ഈ രാമനായിരുന്നു ഗാന്ധിജിയുടെ ഉത്തമപുരുഷന്‍. സാധാരണ മനുഷ്യരോടും ഉത്തരം പറയേണ്ട രാമനാണത്. ഈ മൂല്ല്യങ്ങളൊന്നും തന്നെ ഇന്നലെ നടന്ന ചടങ്ങില്‍ ഞാന്‍ കണ്ടില്ല.
ദളിതനായ ശംബൂകനെ വധിച്ച രാമനെയും സീതാദേവിയെ ഉപേക്ഷിച്ച രാമനെയും നമുക്ക് വിസ്മരിക്കാനാവില്ല. ഈ രാമ വിമര്‍ശവും കൂടി ഉള്‍പ്പെട്ടതല്ലേ രാമനുമായി ബന്ധപ്പെട്ട ആഖ്യാനങ്ങള്‍?
ശംബൂക വധവും സീതയെ പരിത്യജിക്കുന്നതും എല്ലാ രാമായണ ആഖ്യാനങ്ങളിലുമുള്ളതാണ്. ഹിന്ദു മതപുരാണങ്ങളുടെ വലിയൊരു സവിശേഷത അവയിലെ നായകന്മാര്‍ വിമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ്. ഇസ്ലാം, ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങളിലെ നായകര്‍ വിമര്‍ശങ്ങള്‍ക്കതീതരാണെങ്കില്‍ അങ്ങിനെയല്ല ഹിന്ദുമത ഇതിഹാസങ്ങളിലെ നായകര്‍. അവര്‍ നമ്മളെപ്പേലെയാണ്. നമുക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്നവര്‍.നമ്മള്‍ അവരെ ആരാധിക്കുന്നു. അവരോട് കലഹിക്കുകയും വഴക്കിടുകയും ചെയ്യുന്നു. അതാണ് ഹിന്ദുയിസത്തിന്റെ സൗന്ദര്യം.
സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിലുള്ളവരുടെ വിമര്‍ശം പോലും അവഗണിക്കാത്ത രാമനെയാണ് നമുക്ക് ഇതിഹാസം കാണിച്ചുതരുന്നത്. ഭരണകര്‍ത്താവ് സമൂഹത്തോട് ഉത്തരം പറയേണ്ടവനാണെന്ന ബോദ്ധ്യമാണത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാണ് ഈ രാമനെന്നു പറയാന്‍ എനിക്ക് മടിയില്ല. അയോദ്ധ്യ വിട്ട് വനവാസത്തിന് പോകാന്‍ ഒരുങ്ങുമ്പോള്‍ ഇത് അനീതിയാണെന്ന് ലക്ഷ്മണന്‍ രാമനോട് പറയുന്നുണ്ട്. പക്ഷേ, രാമന്‍ പറയുന്നത് മൂന്നു ലോകങ്ങളും തന്നാലും മര്യാദ വിട്ടൊരു പ്രവൃത്തിയും താന്‍ ചെയ്യില്ലെന്നാണ്. സത്യവും ധര്‍മ്മവും പ്രതിജ്ഞയും കൈവിടാന്‍ തനിക്കാവില്ലെന്നാണ് രാമന്‍ സഹോദരനോട് പറയുന്നത്. ഇന്നലെ അയോദ്ധ്യയില്‍ ഈ രാമനെ ഞാന്‍ കണ്ടില്ല. ഇന്നലെ അവിടെ നടന്ന ചടങ്ങിന് ഈ രാമനുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
2019 നവംബറില്‍ ഞാന്‍ കേട്ടത് സുപ്രീം കോടതിയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി കൊടുത്തതെന്നാണ്. എന്നാല്‍ ഇന്നലെ ചടങ്ങില്‍ പങ്കെടുത്ത യു.പി. മുഖ്യമന്ത്രിയും ആര്‍.എസ്.എസ്. മേധാവിയും, പങ്കെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും പറഞ്ഞത് പ്രധാനമന്ത്രി മോദിയാണ് ഇത് സാദ്ധ്യമാക്കിയതെന്നാണ്. മോദിയാണ് സുപ്രീം കോടതി വിധി സാദ്ധ്യമാക്കിയതെന്നാണോ ഇവര്‍ അര്‍ത്ഥമാക്കുന്നത്? ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. ഇന്നലെ നടന്ന ചടങ്ങ് തീര്‍ത്തും രാഷ്ട്രീയമായ ഒന്നായിരുന്നു. അതിന് ഭഗവാന്‍ രാമന്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു സദ്മൂല്ല്യവുമായി ബന്ധവുമില്ല. രാമന്‍ എല്ലായിടത്തുമുണ്ട് എന്നാണ് പൊതുവെ പറയാറുള്ളത്.
രാമനെ ആരാധിക്കാനായി ഗാന്ധിജി ഒരു ക്ഷേത്രത്തിലും പോയിരുന്നില്ലെന്ന് നിരീക്ഷണമുണ്ട്?
ശരിയാണ്. ഒരു ആരാധനാലയം അവിടത്തെ മൂര്‍ത്തിയുടെ ഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതായിരിക്കണം. മൂര്‍ത്തിയുടെ ഈ മൂല്ല്യങ്ങളാണ് ഭക്തരെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. വെറുപ്പിന്റെ വലിയൊരു പ്രചാരണത്തിനുമേല്‍ കെട്ടിപ്പടുക്കുന്ന ക്ഷേത്രമാണിത്. ആളുകളെ വിഭജിക്കുന്ന ക്ഷേത്രം. കാരുണ്യത്തിന്റെ മൂര്‍ത്തിയെ എങ്ങിനെയാണ് വെറുപ്പും അക്രമവുമായി നമുക്ക് ബന്ധിപ്പിക്കാനാവുക? അയോദ്ധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണമാണ്. മതേതര ഇന്ത്യയുടെ മരണത്തിന് ഉത്തരവാദികള്‍ മതേതരത്വത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്. മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിച്ചത് ബി.ജെ.പിയല്ല, കോണ്‍ഗ്രസുള്‍പ്പെടുന്ന ഈ സംരക്ഷകരാണ്.
ബി.ജെ.പിക്ക് പുതിയ ബദല്‍ വരും: യോഗേന്ദ്ര യാദവ് - അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം
Content Highlights: Secular India died in Ayodhya, Says Yogendra Yadav