ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധിപറയും. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കുമെന്ന സൂചന അടുത്തിടെ സുപ്രീംകോടതി നല്‍കിയിരുന്നു. ആര്‍ക്കും അവരുടെ ലൈംഗികതയില്‍ ഭയന്നു ജീവിക്കേണ്ടിവരില്ലെന്നാണ് ഓഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കിയത്.

നിലവില്‍ 377-ാം വകുപ്പുപ്രകാരം ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് 10 വര്‍ഷം വരെ തടവനുഭവിക്കണം. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് 2013-ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിയമങ്ങള്‍ റദ്ദാക്കുന്നത് പാര്‍ലമെന്റിന്റെ ജോലിയാണെന്നായിരുന്നു അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.