Photo: .facebook.com/PopularFrontKeralaPage
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രണ്ടാംഘട്ട രാജ്യവ്യാപക റെയ്ഡ് പുരോഗമിക്കുന്നു. കഴിഞ്ഞ റെയ്ഡില്‍ അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി തുടരുന്ന റെയ്ഡില്‍ ഇതിനോടകം 170ലേറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അസം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
അതാത് സംസ്ഥാന പോലീസിന്റെയും എടിഎസ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് റെയ്ഡ്. ഡല്‍ഹിയില്‍നിന്ന് 30 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഷഹീന്‍ ബാഗ്, ജാമിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അര്‍ധരാത്രി മുതല്‍ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷഹീന്‍ ബാഗില്‍ അര്‍ധസൈനിക വിഭാഗം നിലയുറപ്പിച്ചിട്ടുണ്ട്. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആ മേഖലയില്‍ സുരക്ഷ ശക്തമാക്കി. പ്രതിഷേധങ്ങള്‍ക്ക് കര്‍ശന വിലക്കുണ്ട്.
കര്‍ണാടകയില്‍ 60ലേറെ പേരെ കരുതല്‍ തടങ്കലിലാക്കി. അസമിലെ എട്ട് ജില്ലകളിലായി നടന്ന റെയ്ഡില്‍ 21 പേരെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ പുണെയില്‍ ആറ് പേരേയും ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പത്ത് പേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത് വരുകയാണ്. മധ്യപ്രദേശില്‍ 21 പേരും കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൊബൈല്‍, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ നിരവധി തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
റെയ്ഡ് പുരോഗമിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നതതല യോഗവും ചേരുന്നുണ്ട്. എന്‍ഐഎ ഡിജി, ഐബി മേധാവി, ഇഡി ഡിജി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Content Highlights: Section 144 imposed in Delhi's Jamia Nagar as NIA raids PFI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..