ചെന്നൈ: കോവിഡ് 19 രണ്ടാം വ്യാപനമാണ് ഇപ്പോള്‍ കാണുന്നതെന്നും ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയാണെന്നും ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ജേക്കബ് ജോണ്‍. ''അണുബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കരുതല്‍ ആവശ്യമാണ്.'' വെല്ലൂരിലെ വീട്ടില്‍നിന്നു മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഡോ. ജേക്കബ് ജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് 19 ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതൊരു രണ്ടാം വ്യാപനമാണോ?

അതെ. ഇതു രണ്ടാം വ്യാപനമാണ്. മറ്റു പല രാജ്യങ്ങളിലും ദൃശ്യമായതുപോലുള്ള തുടര്‍വ്യാപനമാണിത്. ആദ്യ വ്യാപനത്തില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് അണുബാധിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ്. കഴിഞ്ഞ തവണ ഇതൊരിക്കലും ഒരു ലക്ഷം (ഒരു ദിവസം ബാധിതരായവരുടെ എണ്ണം) കടന്നില്ല. ഇക്കുറി തുടര്‍ച്ചയായി മൂന്നു ദിവസം ഒരു ലക്ഷത്തിനപ്പുറത്തേക്ക് പോയി.

വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ വ്യാപന സ്വഭാവമുള്ളതാണെന്നാണോ ഇത് കാണിക്കുന്നത്?

തീര്‍ച്ചയായും. കൂടുതല്‍ വേഗത്തില്‍ അണുബാധ പടരുന്നതാണ് നമ്മള്‍ കാണുന്നത്. നേരത്തെയുള്ളതിനേക്കാള്‍ ഇരട്ടിയെങ്കിലും വ്യാപന സ്വഭാവമുള്ള വൈറസാണിത്.

കൂടുതല്‍ മാരകമാണോ?

അങ്ങിനെ പറയാന്‍ പറ്റില്ല. മരണനിരക്ക് ഏകദേശം പഴയതുപോലെ തന്നെയാണ്. 2.2, 2.3 ശതമാനം  എന്നിങ്ങനെയാണ് ഇപ്പോഴത്തെ മരണനിരക്ക്. നേരത്തെ ഇത് രണ്ട് ശതമാനത്തോടടുത്തായിരുന്നു.

വൈറസിന്റെ ഈ വകഭേദത്തെ കൂടുതല്‍ പേടിക്കണോ?

പേടിക്കണം.

ഇനിയുമൊരു ലോക്ക്ഡൗണിലേക്ക് പോകണമെന്നാണോ?

അല്ല. ലോക്ക്ഡൗണ്‍ അല്ല പരിഹാരം. ജാഗ്രതയും കരുതലും വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. കൂട്ടങ്ങള്‍ ഒഴിവാക്കണം. സോഷ്യല്‍ വാക്സിന്‍ (സോപ്പ ഉപയോഗിച്ച് കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍) നിര്‍ബ്ബന്ധമാക്കണം.

വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണോ?

വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് ഈ വ്യാപനം തടയാനാവില്ല. കാരണം വാക്സിന്റെ പ്രയോജനം കിട്ടാന്‍ രണ്ടു മാസം വേണ്ടി വരും. വ്യാപനം ഈ മാസം അവസാനത്തോടെ ഉച്ചിയിലെത്താനാണ് സാദ്ധ്യത. മെയ്, ജൂണ്‍ ആവുമ്പോഴേക്ക് വ്യാപനം കുറയും. എങ്കിലും വാക്സിനേഷന്റെ തോത് തീര്‍ച്ചയായും കൂട്ടണം. സ്‌കൂള്‍, കോളേജ്  ജീവനക്കാര്‍ക്ക് എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കണം.

രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് കൂട്ടുന്നത് നല്ലതായിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. വാക്സിന്‍ ആദ്യ ഡോസ് എടുത്ത ശേഷം നാലാഴ്ച കഴിഞ്ഞ് (28 ദിവസം) അടുത്ത ഡോസ് എടുക്കണമെന്നാണ് ഔദ്യോഗിക നയം. ഇതില്‍ കൂടുതല്‍ സമയത്തെ ഇടവേള ആവശ്യമാണോ?

ഇപ്പോഴത്തെ വ്യാപനം കണക്കിലെടുക്കുമ്പോള്‍ 28 ദിവസത്തെ ഇടവേള തന്നെയാണ് നല്ലത്. കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ആറാഴ്ച കഴിഞ്ഞ് കൊടുത്താല്‍ കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് പഠനമുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് തന്നെ എടുക്കുന്നതായിരിക്കും ഉചിതം.

വാക്സിന്‍ എടുത്തവര്‍ വീണ്ടും അണുബാധിതരാവുന്നതിനുള്ള സാദ്ധ്യത?

വാക്സിന്‍ അണുബാധയ്ക്കെതിരെയുള്ള സംരക്ഷണ കവചമല്ല. അണുബാധ വഷളാവാതിരിക്കുന്നതിനുള്ള മുന്‍കരുതലാണത്. രോഗം മൂര്‍ച്ഛിക്കില്ലെന്ന് സാരം. മാത്രമല്ല, വാക്സിന്‍ എടുത്തവരില്‍നിന്ന് മറ്റുള്ളവര്‍ക്ക് അണുബാധ ഉണ്ടാവുന്നതിനുള്ള സാദ്ധ്യതയും കുറവായിരിക്കും.

ഡോക്ടര്‍ വാക്സിനെടുത്തോ?

എടുത്തു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചിട്ട് ഒന്നര മാസമാവുന്നു.

ഏത് വാക്സിനാണ് സ്വീകരിച്ചത്?

കൊവാക്സിന്‍.

എന്തെങ്കിലും പാര്‍ശ്വഫലമുണ്ടായോ?

ഇല്ല.

വാക്സിന്‍ എടുത്തു കഴിഞ്ഞാല്‍ മദ്യപിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്?

അതൊരു വലിയ പ്രശ്നമല്ല. കടുത്ത മദ്യപാനം നമ്മുടെ പ്രതിരോധ സംവിധാനം ദുര്‍ബ്ബലമാക്കും. ലഘുവായ മദ്യപാനം കുഴപ്പമില്ല.

Content Highlights: Second wave of Covid 19, prevention is better than lock down, say Dr. jacob John, Virologist