ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ 300 ബേസിസ് പോയിന്റ് വെട്ടിക്കുറിച്ച് 9.5 ശതമനമാക്കി അന്താരാഷ്ട്ര നാണയ നിധി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 12.5 ശതമാനമായിരിക്കുമെന്ന് ഏപ്രിലില്‍ ഐ.എം.എഫ്. പ്രവചിച്ചിരുന്നു. ഇത് 9.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. കോവിഡ്-19 രണ്ടാം തരംഗം രൂക്ഷമായതാണ് വളര്‍ച്ചാനിരക്ക് കുറയ്ക്കാന്‍ കാരണം. മാര്‍ച്ചുമുതല്‍ മേയ് വരെയുള്ള കാലയളവില്‍ കോവിഡ്-19 അതിരൂക്ഷമായി വ്യാപിച്ചത്  മൂലമാണ്‌ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ കുറച്ചതെന്ന് ഐ.എം.എഫ്. ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 

കോവിഡ് 19-ന്റെ രണ്ടാം തരംഗം വളരെ മോശമായ രീതിയിലാണ് ഇന്ത്യയെ ബാധിച്ചത്. ആരോഗ്യമേഖലയെ ഇത് തീര്‍ത്തും മുക്കി കളഞ്ഞു. അവശ്യമരുന്നുകള്‍, ആശുപത്രിയിലെ കിടക്കകള്‍, ഓക്‌സിജന്‍ വിതണം എന്നിവയ്ക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. ഡെല്‍റ്റ വകഭേദം ഇന്ത്യയെ അതികഠിനമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ലോകമെമ്പാടും ഇത് വ്യാപിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കും.

യു.എസ്. മൊറോക്കോ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലയുടെ വളര്‍ച്ചാ നിരക്ക് 6 ശതമാക്കി നിലനിര്‍ത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ മന്ദഗതിയിലുള്ള വാക്‌സിന്‍ വിതരണം പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും ഐ.എം.എഫ്. പറഞ്ഞു. വാക്‌സിന്‍ നല്‍കുന്നതിലെ മെല്ലെപ്പോക്ക്, അപര്യാപ്തമായ നയ പ്രതികരണം, പാശ്ചാത്യരാജ്യങ്ങളിലെ നിയന്ത്രണമില്ലാതെയുള്ള പണനയം പിന്‍വലിക്കല്‍ എന്നിവ വളര്‍ന്നുവരുന്ന വിപണികളില്‍ ഇരട്ടി ആഘാതമുണ്ടാക്കും.

കോവിഡ്-19-ന്റെ വ്യാപനവും ബാഹ്യ സാമ്പത്തിക സാഹചര്യങ്ങളിലുമുള്ള പിരിമുറുക്കവും വളര്‍ന്നുവരുന്ന വിപണികളിന്മേലും വികസ്വര രാജ്യങ്ങളിന്മേല്‍ ഏല്‍പിക്കുന്ന ഇരട്ടി ആഘാതം അവരുടെ തിരച്ചുവരവ് കൂടുതല്‍ ദുര്‍ഘടമാക്കും. 
2022 ആകുമ്പോഴേക്കും മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് വരുമെന്ന് കരുതുന്നതായും പണപ്പെരുപ്പം സ്ഥിരമായി നിലനില്‍ക്കാന്‍  സാധ്യതയുണ്ടെങ്കില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കും.

പണം നയം സംബന്ധിച്ച് കേന്ദ്രബാങ്കുകള്‍ വ്യക്തമായ ആശയവിനിമയം നടത്തുന്നത് പണപ്പെരുപ്പത്തെ പ്രതീക്ഷിച്ചതുപോലെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കും-ഐ.എം.എഫ്. പറഞ്ഞു.

Content highlights: Second wave impact imf cuts india growth forecast by 3 to 9.5 percent