സിര്‍സ: ഹരിയാനയിലെ സിര്‍സയിലുള്ള ഡേരാ സച്ഛാ സൗദ ആസ്ഥാനത്ത് അധികൃതര്‍ മൂന്ന് ദിവസമായി നടത്തിവന്ന പരിശോധന പൂര്‍ത്തിയായി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവിന് അയവുവരുത്തി. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും തീവണ്ടി സര്‍വീസുകളും നാളെ പുനഃരാരംഭിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അനുയായികളായ രണ്ട് വനിതകളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഡേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളില്‍ 38 പേര് കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹരിയാനയിലെ സിര്‍സ, പഞ്ച്കുള എന്നിവിടങ്ങളിലും ഡല്‍ഹിയിലും പഞ്ചാബിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി മേല്‍നോട്ടത്തില്‍ ഡേരാ സച്ഛാ സൗദ ആസ്ഥാനത്ത് പരിശോധന നടത്തിയത്.
ഡേരാ നേതൃത്വം തെളിവ് നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന തുടങ്ങിയത്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി നിയോഗിച്ച റിട്ട. ജഡ്ജ് എ.കെ പവാറിന്റെ മേല്‍നോട്ടത്തിലായിരുന്നു 700 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന ഡേരാ ആസ്ഥാനത്തെ പരിശോധന. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സപ്തംബര്‍ പത്തുവരെയാണ് മൊബൈല്‍, എസ്.എം.എസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നത്.
സ്ഥലം കുഴിച്ച് പരിശോധന നടത്തുന്നതിനുവേണ്ടി ജെ.സി.ബികളും ട്രാക്ടറുകളും പരിശോധനാ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ അവ ഉപയോഗിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിശോധന നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് ഹരിയാല മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് രഹസ്യ തുരങ്കങ്ങളും ഒരു അനധികൃത പടക്ക നിര്‍മാണശാലയും അടക്കമുള്ളവ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വനിതാ ഹോസ്റ്റലിലേക്കുള്ളതായിരുന്നു കണ്ടെത്തിയതില്‍ ഒരു തുരങ്കം. ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ഉപയോഗിച്ചിരുന്ന നൂറുകണക്കിന് ഷൂസുകള്‍, വസ്ത്രങ്ങള്‍, തൊപ്പികള്‍, രൂപമാറ്റം വരുത്തിയ വിന്റേജ് കാറുകള്‍ തുടങ്ങിയവയും പരിശോധനയില്‍ കണ്ടെത്തി. ഏതാനും കമ്പ്യൂട്ടറുകളും കറന്‍സി നോട്ടുകളും ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..