ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് (എ.എല്‍.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവച്ച് കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് ഓഫീസര്‍മാരും ആറുസൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു

മഴയും മൂടല്‍മഞ്ഞു നിറഞ്ഞ കാലാവസ്ഥയാണ് തിരച്ചില്‍ ദുഷ്‌കരമാക്കുന്നത്. ഐ.എസ്.ആര്‍.ഒ.യുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി.130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും കരസേനയുടെ എം.ഐ. ഹെലികോപ്റ്ററുകളും തിങ്കളാഴ്ച മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ചെന്നൈയിലെ ആര്‍ക്കോണത്തുനിന്നെത്തിച്ച നാവികസേനയുടെ പി.8ഐ വിമാനവും തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിനു സഹായകരമായ അത്യാധുനിക ഇലക്ട്രോ ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ റെഡ് സെന്‍സറുകളും സിന്തറ്റിക് റഡാറുകളും ഘടിപ്പിച്ചതാണ് ഈ വിമാനം.

കരസേനയുടെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിന്റെയും ജവാന്മാരും അസം-അരുണാചല്‍പ്രദേശ് വനമേഖലയില്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. വ്യോമസേനാ അധികൃതര്‍ കാണാതായ വിമാനത്തിലുണ്ടായിരുന്നവരുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.

 

Content Highlights: IAF AN-32 aircraft, missing aircraft