Photo: Mathrubhumi
ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളുടെ ലൈസൻസ് പുതുക്കുന്നതിന് മറ്റു എല്ലാ വ്യവസ്ഥകളും പാലിക്കണമെങ്കിൽ സുരക്ഷ ക്ലിയറൻസും ആവശ്യമില്ലേ എന്ന് സുപ്രീം കോടതി. സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.
ഇത് ചൈന അല്ലെന്നും, ഒരു സ്ഥാപനത്തെ ഇങ്ങനെ കുറ്റവാളിയാക്കാൻ കഴിയില്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഓരോ പത്ത് വർഷത്തിൽ വാർത്താ ചാനലുകളുടെ ലൈസൻസ് പുതുക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. സംപ്രേഷണവുമായി ബന്ധപ്പെട്ട സർക്കാർ ചട്ടങ്ങളിൽ അഞ്ച് തവണയിലധികം ലംഘനം ഉണ്ടായാൽ മാത്രമാണ് ലൈസൻസ് പുതുക്കി നൽകാതിരിക്കാൻ കഴിയുന്നത്. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു ചട്ട ലംഘനവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മീഡിയ വണ്ണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും അഭിഭാഷകൻ ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. എന്നാൽ മറ്റ് വ്യവസ്ഥകൾ പാലിക്കണമെന്ന ചട്ടത്തിലെ നിബന്ധന സുരക്ഷാ ക്ലിയറൻസിനും ബാധകമല്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു.
ലൈസെൻസ് ലഭിക്കുന്നതിന് സുരക്ഷാ ക്ലിയറൻസ് ആവശ്യമെങ്കിലും, പുതുക്കുന്നതിന് ആവശ്യമില്ലെന്ന് ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് സുരക്ഷ ക്ലിയറൻസ് നൽകാത്തത് എന്ന് സർക്കാർ അറിയിച്ചിട്ടില്ല. തങ്ങളുടെ വാദം കേൾക്കാതെയാണ് സർക്കാരിന്റെ നടപടി. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കോടതികൾക്ക് പോലും കൈമാറിയത്. സ്വാഭാവിക നീതി നിഷേധിച്ച് മുദ്രവെച്ച കവറിൽ കൈമാറുന്ന രേഖകൾ ചില ജഡ്ജിമാരുടെ നടപടികളെ സ്വാധീനിച്ചേക്കാമെന്നും ദുഷ്യന്ത് ദാവെ വാദിച്ചു. മീഡിയ വൺ ഹർജിയിൽ നാളെയും സുപ്രീം കോടതിയിൽ വാദം തുടരും.
Content Highlights: Sealed Covers Affect Judges Minds, Create Bias - Sr Adv Dushyant Dave
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..