ജുനഗഡ് (ഗുജറാത്ത്): ഗീര്‍ പശുവിന്റെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തിയെന്ന് ജുനഗഡ് കാര്‍ഷിക സര്‍വകലാശാലയിലെ (ജെ.എ.യു.) ശാസ്ത്രജ്ഞര്‍. നാലു വര്‍ഷം നീണ്ട പഠനങ്ങള്‍ക്കൊടുവിലാണ് ഇവര്‍ പഠനഫലം പുറത്തുവിട്ടത്. 

ജെ.എ.യുവിലെ ഭക്ഷ്യ പരിശോധനാ ലബോറട്ടറിയില്‍ വെച്ച് 400 ഗീര്‍ പശുക്കളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവയുടെ ഒരു ലിറ്റര്‍ മൂത്രത്തില്‍ മൂന്നു മുതല്‍ 10 മില്ലിഗ്രാം വരെ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. കണികാരൂപത്തിലാണ് ഇത് പശുവിന്റെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ളത്. 

ജെ.എ.യുവിലെ ബയോടെക്‌നോളജി വിഭാാഗം തലവന്‍ ഡോ. ബി.എ. ഗോലാകിയായുടെ നേതൃത്വത്തില്‍ ജെയ്മിന്‍, രാജേഷ് വിജയ്, ശ്രദ്ധ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. ക്രോമറ്റോഗ്രാഫി- മാസ് സ്‌പെക്ട്രോമെട്രി (ജിസി-എംഎസ്) എന്ന രീതിയാണ് ഇവര്‍ പരീക്ഷണത്തിനായി ഉപയോഗിച്ചത്. 

"ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പറ്റിയും, അതില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട് എന്നതിനെപ്പറ്റിയും പൂര്‍വികരില്‍ നിന്നുള്ള കേട്ടറിവു മാത്രമാണ് നമുക്കുള്ളത്. ഇതിനെ സാധൂകരിക്കാനുതകുന്ന തരത്തിലുള്ള ഒരു തെളിവുകളും നമ്മുടെ കൈയിലില്ല. അതുകൊണ്ടാണ് ഗോമൂത്രത്തില്‍ ഈ പരീക്ഷണം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്," ഗോലാകിയ പറഞ്ഞു.

കണികാരൂപത്തിലുള്ള ഈ സ്വര്‍ണം രാസപ്രക്രിയകളിലൂടെ രൂപമാറ്റം വരുത്താന്‍ സാധിക്കും. ഒട്ടകങ്ങളിലും എരുമകളിലും ആടുകളിലും ചെമ്മരിയാടുകളിലും ഇതേ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും അവയില്‍നിന്നും ഇത്തരത്തിലുള്ള രാസകണികകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ഗോലാകിയ പറഞ്ഞു. 

ഗീര്‍ പശുവിന്റെ മൂത്രത്തില്‍ നിന്നും കണ്ടെത്തിയ 5100 രാസസംയുക്തത്തിലെ 388 സംയുക്തങ്ങള്‍ക്കും നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാര മൂലികകള്‍ അടങ്ങിയിട്ടുള്ളതായി പഠനത്തില്‍ തെളിഞ്ഞിട്ടുള്ളതായി ഗോലാകിയ പറഞ്ഞു. അടുത്തതായി 39 നാടന്‍ പാശുക്കളിലും ഇതേ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ഈ സംഘം. 

മനുഷ്യനും സസ്യങ്ങള്‍ക്കും പ്രയോജനപ്രദമാകും വിധം ഗോമൂത്രത്തിലെ രാസസംയുക്തങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഞങ്ങള്‍ അടുത്ത പരീക്ഷണ വിഷയം, ഗോലാകിയ കൂട്ടിച്ചേര്‍ത്തു. 

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് കാലിബറേഷന്‍ ലബോററ്ററീസിന്റെ (എന്‍.എ.ബി.എല്‍.) അംഗീകാരമുള്ള പരീക്ഷണ ശാലയാണ് ജെ.എ.യുവിലേത്. ഒരുദിവസം തന്നെ ഏകദേശം 50,000-ല്‍പരം ഗുണപരിശോധനകളും വിവിധ തരത്തിലുള്ള പരീക്ഷണങ്ങളും ഇവിടെ നടക്കാറുണ്ട്. ഇവയില്‍, കയറ്റി അയക്കാനുള്ള ഉത്പന്നങ്ങളും, ക്ഷീര ഉത്പന്നങ്ങളും, പച്ചക്കറികളും, എണ്ണക്കുരുകളും, തേനും, കീടനാശിനികളും ഒക്കെ ഉള്‍പ്പെടുന്നു.