മുംബൈ: ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും കോവിഡ് 19 വ്യാപനവുമില്ലാത്ത മഹാരാഷ്ട്രയിലെ വിദൂര പ്രദേശങ്ങളിലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം സ്‌കൂളുകളുടെ പ്രവര്‍ത്തനം. പതിവുപോലെ ജൂണില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുകയും അത് ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് 19 വ്യാപനം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

' ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും വൈറസ് വ്യാപനവുമില്ലാത്ത വിദൂരപ്രദേശങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തി സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കണം. അതേസമയം സ്‌കൂളുകള്‍ ആരംഭിക്കാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ പഠനസമ്പ്രദായം ഉപയോഗിക്കണം.' മന്ത്രി വര്‍ഷ ഗെയ്ക്വാദും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഇപ്പോള്‍ തന്നെ സ്‌കൂളുകള്‍ പുനരാരംഭിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. കോവിഡ് 19 മഹാമാരി കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരിക്കലും തടസ്സം സൃഷ്ടിക്കരുത്. അടുത്ത അധ്യയനവര്‍ഷം ജൂണില്‍ തന്നെ ആരംഭിക്കണം. രാജ്യത്തെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മഹാരാഷ്ട്ര ഒരു മാതൃകയാകണം. 

പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാഭ്യാസം ഒരു ആവശ്യകതയാണ് അത് നിര്‍ത്താന്‍ ആകില്ല. നിലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന സ്‌കൂളുകളും പരിസരവും വീണ്ടും തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

Content Highlights: Schools in remote areas where no Covid 19 cases and internet connectivity should be reopened:Uddhav