ഛണ്ഡിഗഡ്: കൺടെയ്ൻമെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. 9-12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 19 മുതല്‍ സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല അറിയിച്ചു. 

സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അയച്ചതായും അദ്ദേഹം വ്യക്തമാക്കി. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം നടത്തുന്നതാവും വിദ്യാഭ്യാസ വകുപ്പിന് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രാധാന്യത്തോടെ തുടരും.സ്‌കൂളുകള്‍ തുറക്കുന്നുണ്ടെങ്കിലും സുരക്ഷ പരിഗണിച്ച് ഓണ്‍ലൈന്‍ ക്ലാസ്സ് തുടരുന്നതിലാണ് ചില വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താല്‍പര്യം. അത്തരക്കാര്‍ക്ക് അത് തുടരാം.  

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തി പഠിക്കാന്‍ സാധിക്കൂ. കുട്ടികള്‍ രോഗപ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായി രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി കുട്ടികള്‍ കൈ മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായും സിംഗ്ല വ്യക്തമാക്കി. 

Content Highlights: Schools In Punjab To Reopen From Monday For Classes 9-12