Representational Image
ന്യൂഡല്‍ഹി: ഏഴുമാസങ്ങള്‍ക്ക് ശേഷം കശ്മീരിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സുരക്ഷാനടപടികളുടെ ഭാഗമായി ക്ശ്മീരിലെ സ്‌കൂളുകള്‍ അടച്ചിരുന്നു. 2019 നവംബറില്‍ തന്നെ സ്‌കൂളുകള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വളരെ കുറച്ച് സ്‌കൂളുകള്‍ മാത്രമാണ് അന്ന് തുറക്കാനായത്.
ശീതകാല അവധിക്ക് ശേഷം സ്‌കൂള്‍ തുറന്നതിന്റെ ആവേശത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും. 2019 ഓഗസ്റ്റ് മുതല്‍ അടച്ചിട്ടിരുന്നതിനാല്‍ ഒരുപാട് പഠനസമയമാണ് കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത്.
'സ്‌കൂളില്‍ പേവുകയാണെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ല. സ്‌കൂള്‍ എന്നുപറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു ഇടമാണ്. തികച്ചും വിശിഷ്ടമായ അനുഭവമാണ്. സാഹചര്യങ്ങള്‍ സാധാരണനിലയിലേക്കെത്തിയാല്‍ സ്‌കൂള്‍ തുറന്നുതന്നെയിരിക്കും.'- സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തെഹ്‌ര പറയുന്നു. 'ഞങ്ങള്‍ വല്ലാതെ ഭയപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നിരിക്കുന്നു. വളരെയധികം സന്തോഷം തോന്നുന്നു.' - മറ്റൊരു വിദ്യാര്‍ഥിയായ ഹദിക പറഞ്ഞു.
വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും സ്‌കൂള്‍ തുറക്കാനായി കാത്തിരിപ്പിലായിരുന്നു. ഒരാഴ്ചമുന്‍പേ സ്‌കൂളിലെത്തി അധ്യാപകര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. 'എല്ലാ വിദ്യാര്‍ഥികളും പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഞങ്ങളുടെ വിദ്യാര്‍ഥികളെല്ലാം കഴിവുള്ളവരാണ്. കഴിഞ്ഞ ഏഴുമാസമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വിലയേറിയ കുറേ സമയം അവര്‍ക്ക് നഷ്ടപ്പെട്ടു. കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തണമെന്നും ഭാവി ശോഭനമാക്കണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'- അധ്യാപിക പറയുന്നു.
ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലുള്ള സ്‌കൂളുകള്‍ രാവില പത്തുമുതല്‍ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം കശ്മീര്‍ താഴ്വരയിലെ സ്‌കൂളുകള്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയായിരിക്കും പ്രവര്‍ത്തിക്കുക.
Content Highlights: Schools in Kashmir reopens after 7 months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..