സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശക സമിതി വേണം - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരൻ

ന്യൂഡല്‍ഹി: സ്‌കൂള്‍വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിന്‍സിപ്പലായിരിക്കണം ഉപദേശക സമിതിയുടെ അധ്യക്ഷന്‍. യോഗ പോലുള്ളവ പതിവായി പരിശീലിപ്പിക്കണം. സമ്മര്‍ദം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും.

കുട്ടികളിലെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകര്‍ക്ക് സൈക്കോസോഷ്യല്‍ പ്രഥമശുശ്രൂഷയില്‍ പ്രത്യേക പരിശീലനം നല്‍കണം. അധ്യാപകരെ സഹായിക്കാന്‍ അനുബന്ധ പരിചരണക്കാരെയും സജ്ജരാക്കണം. മാനസികമായ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍ ഉത്കണ്ഠ, ആശയവിനിമയ പ്രശ്‌നങ്ങള്‍, വിഷാദാവസ്ഥ, പെരുമാറ്റ വൈകല്യങ്ങള്‍, അമിത ഇന്റര്‍നെറ്റ് ഉപയോഗം, ഹൈപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍ എന്നിവയുടെ ആദ്യലക്ഷണങ്ങള്‍ തിരിച്ചറിയാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.

ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേല്‍പ്പിക്കല്‍, വിഷാദം, ആശങ്കകള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും ഓരോ സ്‌കൂളിനും നിര്‍ദിഷ്ടവ്യവസ്ഥ ഉണ്ടായിരിക്കണം.

എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്‌കൂളുകളില്‍ പുറത്തിറക്കണം. കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ ബോധവത്കരിക്കണം. അത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കളുമായും സ്‌കൂള്‍ കൗണ്‍സലര്‍മാരുമായും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണം. വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ വിവിധ പങ്കാളികളെ ബോധവത്കരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാന്വലില്‍ പറയുന്നു.

അക്ഷരമുറപ്പിക്കാന്‍ ശ്രമമുണ്ടായില്ല; ബ്രിഡ്ജ് കോഴ്സ് പ്രഖ്യാപനം മാത്രമായി

തൃശ്ശൂര്‍: സംസ്ഥാനത്തെ മൂന്നാംക്ലാസുകാര്‍ മലയാളത്തില്‍ പിന്നാക്കംപോയതിനു കാരണം ഓണ്‍ലൈന്‍ അധ്യയനകാലത്തെ പഠനവിടവ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്നുനേരെ ക്ലാസ് മുറിയിലേക്കെത്തിയപ്പോള്‍ അക്ഷരമുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസരംഗവും കേന്ദ്രസിലബസും ഒരേപോലെ.

ഓണ്‍ലൈനില്‍ പഠിപ്പിച്ചതിന്റെ ബാക്കി പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതില്‍ മാത്രമായിരുന്നു സ്‌കൂളുകളുടെ ശ്രദ്ധ. വര്‍ഷാന്തപ്പരീക്ഷ ഉണ്ടാവുമെന്നും അതിനുമുമ്പ് പാഠങ്ങള്‍ തീര്‍ക്കണമെന്നുമുള്ള നിര്‍ദേശമുണ്ടായിരുന്നു. എഴുത്തും വായനയും ഉറയ്‌ക്കേണ്ട രണ്ടുവര്‍ഷങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളിലാണ് 2022 മാര്‍ച്ചില്‍ എന്‍.സി.ആര്‍.ടി.യും നിപുണ്‍ മിഷനും സര്‍വേ നടത്തിയത്. മൂന്നാം ക്ലാസുകാരില്‍ 56 ശതമാനംപേര്‍ക്ക് മലയാളം ശരിയായി വായിക്കാനോ എഴുതാനോ കഴിയുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. 2021 നവംബറിലാണ് കോവിഡിനുശേഷം ക്ലാസ് തുടങ്ങിയത്. 50 ശതമാനം കുട്ടികള്‍ വന്നാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ജനുവരിയില്‍ മൂന്നാം തരംഗമുണ്ടായി. ഫെബ്രുവരി പകുതി പിന്നിട്ടശേഷമാണ് പിന്നീട് സ്‌കൂളുകള്‍ തുറന്നത്. സംസ്ഥാനത്തെ 104 സ്‌കൂളുകളിലെ 1061 കുട്ടികളിലാണ് സര്‍വേ നടത്തിയത്. സിലബസ് വ്യത്യാസമില്ലാതെയാണ് സ്‌കൂളുകള്‍ തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഓഫ്ലൈനിലേക്ക് മാറുമ്പോള്‍ കുട്ടികള്‍ക്കുണ്ടായ പഠനവിടവ് നികത്താന്‍ ബ്രിഡ്ജ് കോഴ്സ് ഉണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നാംക്ലാസ് കുട്ടികളുടെ പഠനവിടവ് അവരുടെ അക്ഷരജ്ഞാനക്കുറവു തന്നെയായിരുന്നു. എന്നാല്‍ ഒരുശ്രമവും ഉണ്ടായില്ല. എന്താണ് ബ്രിഡ്ജ് കോഴ്സ് എന്ന് അധ്യാപകര്‍ക്കുപോലും നിശ്ചയമില്ല. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളില്‍ ഇത്തരം ചിന്തകള്‍പോലുമുണ്ടായില്ല.

രണ്ടു സര്‍വേ രണ്ടു ഫലം

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേയില്‍ മൂന്നാംക്ലാസിലെ കുട്ടികള്‍ ഭാഷയുടെ കാര്യത്തില്‍ 70 ശതമാനം മികവു പുലര്‍ത്തുന്നതായാണ് പറയുന്നത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ സര്‍വേയാണ് കഴിഞ്ഞ നവംബറില്‍ നടത്തിയത്. ഈ നാലു ക്ലാസുകളിലുംവെച്ച് മൂന്നാംക്ലാസിലെ ഭാഷാമികവാണ് ഏറ്റവുംമുന്നില്‍. അഞ്ച്, ആറ് ക്ലാസുകളില്‍ 57 ശതമാനവും പത്തില്‍ 41 ശതമാനവുമാണ് ഭാഷാമികവ്. മൂന്നാം ക്ലാസിലെ ദേശീയശരാശരി 62 ആണ്.

Content Highlights: School mental health advisory committee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented