ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കുറച്ച് സമയം എടുത്താല്‍ ഏത് മുറിവും ഭേദപ്പെടുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ വളരെ നിര്‍ഭാഗ്യകരമാണ്. നോട്ട്നിരോധനംമൂലമേറ്റ ആഴത്തിലുള്ള മുറിവുകളും മുറിപ്പാടുകളും കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ട് വരാനിരിക്കുന്നതേ ഉള്ളുവെന്ന് മന്‍മോഹന്‍ സിങ് പറയുന്നു.

ദൃഢതയുള്ളതും വ്യക്തയുള്ളതുമായി സാമ്പത്തിക നയങ്ങള്‍ തിരിച്ചുക്കൊണ്ടുവരണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. സാമ്പത്തിക അബദ്ധങ്ങള്‍ രാജ്യത്തെ നീണ്ടകാലത്തേക്ക് എങ്ങനെ അലോസരപ്പെടുത്തുമെന്നതും,  സാമ്പത്തിക നയങ്ങള്‍ വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് മനസിലാക്കുന്നതിനുമുള്ള ഓര്‍മ്മപ്പെടുത്തലിന്റെ ദിനമാണ് ഈ ദിവസമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അത് നാശം വിതച്ചു. സമൂഹത്തിലുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ അക്കാര്യം വ്യക്തമാണ്. പ്രായ, മത, ലിംഗ ഭേദമില്ലാതെ ഓരോ വ്യക്തിയയേയും അത് ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ജിഡിപിയില്‍ കുത്തനെ ഇടിവ് വന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ മൂലക്കല്ലായിരുന്ന ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് നോട്ട്നിരോധന ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ ഇതുവരെ ആയിട്ടില്ല. 

സമ്പദ്ഘടന ഞെരുക്കത്തില്‍ തുടരുന്നതിനാല്‍ യുവാക്കള്‍ക്ക് വേണ്ടത്ര പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. തൊഴില്‍ മേഖയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിട്ടുള്ളത്. ധനകാര്യ വിപണിയും കലുഷിതമായി കിടക്കുകയാണ്. അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളേയും ബാങ്കിത ധനകാര്യ സ്ഥാപനങ്ങളേയും കാര്യമായി ബാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഇന്ത്യന്‍ രൂപക്ക് നേരിടേണ്ടി വന്നെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Content Highlights: Manmohan Singh, Demonetisation, NDA Government, BJP, Congrtess, Indian Economy, Rupee