സരിത എസ് നായർ. സുപ്രീം കോടതി | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.
ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്. ഇതിനെതിരെ ആണ് സരിത സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നെന്നും അതിനാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നെന്നും സരിത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്തണം എന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നത്. സരിതയുടെ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
Content Highlight: SC to rejected Saritha Nair’s plea challenging Rahul Gandhi’s election with Penalty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..