ന്യൂഡല്‍ഹി: പഞ്ചാബ് ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിനെതിരായ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ സിദ്ദുവിന് വിധിച്ച ശിക്ഷ സംബന്ധിച്ച് പുനഃപരിശോധന വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 30 വര്‍ഷം മുന്‍പ് തര്‍ക്കത്തിനിടെ ഒരാളെ മര്‍ദ്ദിച്ചു കൊന്നുവെന്ന കേസില്‍ സിദ്ദുവിന് ലഭിച്ച 1,000 രൂപയുടെ പിഴ ശിക്ഷ സംബന്ധിച്ച് വാദി ഭാഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

ഗുര്‍ണാംസിങ് എന്നയാളെ റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിദ്ദു വാഹനത്തില്‍നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. പട്യാലയില്‍ 1988 ഡിസംബര്‍ 27ന് ആയിരുന്നു സംഭവം. കേസില്‍ സിദ്ദുവിനെ വെറുതേ വിട്ടുകൊണ്ട് വിചാരണ കോടതിയുടെ വിധിവന്നെങ്കിലും ഹരിയാന ഹൈക്കോടതി കൊലപാതക കുറ്റം ചുമത്തി സിദ്ദുവിന് മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. പിന്നീട് ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും 1000 രൂപ പിഴ ചുമത്തി ജാമ്യം നല്‍കുകയും ചെയ്തു.

സംഭവത്തില്‍ സിദ്ദുവിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.കേസില്‍ കടൂടുതല്‍ ശിക്ഷ എന്തുകൊണ്ട് പാടില്ല എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഗുര്‍ണാം സിങ്ങിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നടപടി.

Content highlights: supremen court, re-examine sentence awarded to Sidhu, road rage case against Sidhu