ന്യൂഡല്‍ഹി:  അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ നിക്ഷേപിക്കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍  പാലിക്കുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞു. വെള്ളിയാഴ്ച്ചയ്ക്കകം കേന്ദ്രം വിഷയത്തില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിലപാട്.

നോട്ട് അസാധുവാക്കിയ ദിനം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട രേഖകളിലും മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ നിക്ഷേപിക്കാമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. ഡിസംബര്‍ 31ന് ശേഷം ആര്‍ബിഐയുടെ ചില പ്രത്യേക ബ്രാഞ്ചുകളില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാമെന്നാണ് അന്ന് നൽകിയ ഉറപ്പ്. എന്നാല്‍ ഇത് പാലിക്കുന്നില്ലെന്നയിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

 ഹര്‍ജി പരിഗണിച്ച കോടതി പറഞ്ഞത് ആര്‍ബിഐയുടെ പുതിയ ഓര്‍ഡിനന്‍സ് പ്രധാനമന്ത്രിയും ആര്‍ബി ഐയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണെന്നാണ്.  ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.