ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. സ്വവര്‍ഗരതി ക്രിമിനല്‍കുറ്റം തന്നെയെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള തിരുത്തല്‍ ഹര്‍ജിയിലാണ് തീരുമാനം. അഞ്ചംഗ ഭരണഘടനാ ബഞ്ച് വിഷയം പരിഗണിക്കും.

സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 377 ാം വകുപ്പനുസരിച്ച് കുറ്റകൃത്യമാണെന്നുമുള്ള 2013 ഡിസംബറിലെ സുപ്രീംകോടതി വിധിക്കെതിരെ നാസ് ഫൗണ്ടേഷനാണ് ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ മൂന്നഗ ബഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്. വിഷയത്തില്‍ ഭരണഘടന സംബന്ധിച്ച പ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതുകൊണ്ട് ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഹര്‍ജി പരിഗണിച്ച ബഞ്ചിന്റെ നിലപാട്. 

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് 2013ല്‍ സുപ്രീംകോടതി തള്ളിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സമ്മതത്തോടുകൂടി നടത്തുന്ന സ്വവര്‍ഗരതി 377ാം വകുപ്പുപ്രകാരം കുറ്റകരമല്ലെന്നും മറിച്ചായാല്‍ അത് ജീവിക്കാനും സ്വകാര്യത സൂക്ഷിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാകുമെന്നുമാണ് 2009 ജൂലായ് രണ്ടിന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.

സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി 2013 ല്‍ ശരിവെച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്വവര്‍ഗരതി നിയമവിധേയമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് വിവിധ മത-സാമൂഹിക സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ്, സ്വവര്‍ഗാനുരാഗികള്‍ക്ക് തിരിച്ചടിയായ വിധി സുപ്രീം കോടതിയില്‍ നിന്ന് വന്നത്. രാജ്യത്തെ സാമൂഹികവും മതപരവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്ന് ആരോപിച്ചായിരുന്നു സംഘടനകള്‍ അതിനെതിരെ ഹര്‍ജി നല്‍കിയത്. 

കേസിന്റെ വാദത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.