എൻ.കെ ഇബ്രാഹിം (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറ് വര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുകയായിരുന്ന മേപ്പാടി സ്വദേശി എന്‍.കെ.ഇബ്രാഹിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.
ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകള്‍ക്ക് ബാധകം ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 67 വയസ്സുകാരനായ ഇബ്രാഹിമിന്റെ മോശം ആരോഗ്യ അവസ്ഥ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ഇബ്രാഹിമിന് എതിരായ ആരോപണം പ്രാഥമികമായി തന്നെ തെളിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. യുഎപിഎ നിയമത്തിലെ 43 D(5) പ്രകാരം ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും എന്‍.ഐ.എ സുപ്രീം കോടതിയില്‍ വാദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് എന്‍.ഐ.എയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
2014 ഏപ്രില്‍ 24ന് മാവോയിസ്റ്റ് രൂപേഷ്, കന്യ, അനൂപ് മാത്യു എന്നിവര്‍ വെള്ളമുണ്ടയിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കുചൂണ്ടിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇബ്രാഹിമിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രമോദിനെ ഭീഷണിപെടുത്തുകയും, ബൈക്ക് കത്തിക്കുകയും ചെയ്ത പ്രതികള്‍ക്ക് ആയുധം എത്തിച്ച് നല്‍കുകയും പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് ഇബ്രാഹിമിനെതിരായ കേസ്.
വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 2015 ജൂലായ് 13ന് ആയിരുന്നു ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആറ് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..