ന്യൂഡല്‍ഹി: കേരള ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ ഡല്‍ഹിയിലേക്ക് മാറ്റണം എന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ആയി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടോ എന്ന കാര്യം കേരള ഹൈക്കോടതിക്ക് തീരുമാനിക്കാനാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേരള ഒളിംപിക് അസോസിയേഷന്റെ വിവിധ ഭാരവാഹിത്വങ്ങളിലേക്ക് 2019 ജനുവരി 14 ന് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. തങ്ങള്‍ക്ക് എതിരായ കേസുകള്‍ ഡല്‍ഹി ഹൈക്കോടതി മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ വാദം. എന്നാല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെങ്കിലും 1955 ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം ആണ് കേരള ഒളിമ്പിക് അസോസിയേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ കേരള ഒളിമ്പിക് അസോസിയേഷന് കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് എതിരായ കേസുകള്‍ തങ്ങള്‍ക്ക് പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യം കേരള ഹൈക്കോടതിക്ക് തീരുമാനിക്കാവുന്നതാണെന്നും സുപ്രീം കോടതിയിലെ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം വിധിച്ചു. 2019 ജനുവരിയില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ വിവിധ ഭാരവാഹിത്വങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ എത്തിക്സ് കമ്മീഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ആരാഞ്ഞ വിശദീകരണം ചോദ്യം ചെയ്ത് കേരള ഒളിമ്പിക് അസോസിയേഷന് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ നടപടികളെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അധികാരം ഇല്ലെന്നാണ് കേരള ഒളിംപിക് അസോസിയേഷന്റെ നിലപാട്.
കേരള ഒളിമ്പിക് അസോസിയേഷന് വേണ്ടി സീനിയര്‍ അഭിഭാഷകന് വി ഗിരി, അഭിഭാഷകന് പി വി ദിനേശ് എന്നിവര്‍ ഹാജര്‍ ആയി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വേണ്ടി അഭിഭാഷകന് ഡി എന്‍ ഗോബുര്ധനും ഹാജരായി.
Content Highlights: SC rejected the plea filed by Indian Olympic Association
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..