ന്യൂഡല്‍ഹി: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ക്രമപ്രകാരം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. 

ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്റെ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്ന ആവശ്യത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്. 

ഡിസംബര്‍ 15 മുതല്‍ കോടതി അവധിയാണ്. യുവതീ പ്രവേശന വിധി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22ന് വാദം കേള്‍ക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇതിന് മുമ്പ് വാദം കേള്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല.

Content Highlights: Sabarimala Women Entry,  Sabarimala observation committee, Supreme Court