ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിനോട് ബുധനാഴ്ച ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് ബെയ്ന്‍സിന് നോട്ടീസയച്ചത്. ബെയ്ന്‍സ് നേരിട്ട് ഹാജരായി തന്റെ വാദങ്ങളുടെ തെളിവ് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 

ജെറ്റ് എയര്‍വെയ്‌സ് ഉടമ നരേഷ് ഗോയലിനും രൊമേഷ് ശര്‍മയ്ക്കും എതിരെയാണ് ബെയ്ന്‍സ് ആരോപണം ഉന്നയിച്ചത്. ജെറ്റ് എയര്‍ലൈന്‍സിന്റെ മേല്‍ നിലവിലുള്ള വായ്പാക്കേസില്‍ വിധി അനുകൂലമാക്കാന്‍ ഗോയല്‍ ശര്‍മയെ ഉപയോഗിച്ച് ഗൊഗോയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഗൊഗോയ് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയതെന്നും ബെയ്ന്‍സ് അറിയിച്ചു. 

കൂടാതെ അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന് ജെറ്റ് എയര്‍വെയ്‌സില്‍ നിക്ഷേപമുണ്ടെന്ന് വിശ്വസനീയമായ തെളിവുണ്ടെന്നും ബെയ്ന്‍സ് സത്യവാങ് മൂലത്തില്‍ പ്രസ്താവിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്ന് ബെയ്ന്‍സ് തന്റെ സത്യവാങ് മൂലത്തില്‍ ആവര്‍ത്തിച്ചിരുന്നു. കൂടാതെ ലൈംഗികാരോപണം ഉന്നയിച്ച കോടതി ജീവനക്കാരിയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് പ്രകാശ് എന്നയാള്‍ തന്നെ സമീപിച്ചതായും ബെയ്ന്‍സ് പറഞ്ഞിരുന്നു. 

പ്രകാശ് തനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിഷേധിച്ചപ്പോള്‍ ഒന്നരക്കോടി രൂപ നല്‍കാമെന്ന് പറഞ്ഞതായും ബെയ്ന്‍സ് പറയുന്നു. ഇതൊക്കെ ഗൂഢാലോചന നടന്നത്് ഉറപ്പിക്കുന്നുവെന്ന് ബെയ്ന്‍സ് പറയുന്നു. ഈ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണവും ബെയ്ന്‍സ് ആവശ്യപ്പെട്ടിരുന്നു. 

 

Content Highlights: SC Notice to Lawyer, CJI Framed in Sexual Harassment Case,  Jet Airways Founder