ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത 75,000 കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. യു.പി മുന്‍  പോലീസ് മേധാവി വിക്രം സിങ്ങാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്ന് ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും നിയമം ഒരുപോലെ ബാധകമാവണം. എ.ടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ പോയ കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഏതിരെയാണ് കേസുകള്‍ എടുത്തിട്ടുള്ളത്. നിസാര നിയമ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം  നല്‍കണം. 

നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കാതെയോ അത്യാവശ്യ സാഹചര്യത്തിലോ പുറത്തിറങ്ങിയവര്‍ക്ക് എതിരെയാണ് കേസുകള്‍ എടുത്തിടട്ടുള്ളത്. ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. സാധാരണക്കാരോട് മനുഷ്യത്വത്തോടെ പെരുമാറണം. ഗുരുതരമായ കുറ്റകൃത്യം ചെയ്തുവെന്ന തരത്തില്‍ അവരോട് പെരുമാറുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍, കേസുകള്‍ മുഴുവന്‍ റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ ലോക്ക് ഡൗണ്‍ എങ്ങനെ നടപ്പാക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. തുടര്‍ന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയത്.

Content Highlights: SC junks plea for quashing 75,000 FIRs for lockdown violations