ന്യൂഡൽഹി : ആത്മഹത്യാപ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അർണബ് 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഇന്ദിരാബാനര്‍ജിയും അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
ഏഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അർണബിനെ ഉടൻ ജയിൽ മോചിതനാക്കാനും കോടതി നിർദേശിച്ചു.
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുകയാണെങ്കില്‍ കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകുമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞത്. പണം നല്‍കാനുണ്ടെന്ന കാരണത്താല്‍ ആത്മഹത്യാ പ്രേരണാ കേസ് നിലനില്‍ക്കില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
"ഈ കേസ് (അര്‍ണാബ് ഗോസ്വാമിക്ക് എതിരെ) തീവ്രവാദ കേസ് അല്ല. സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാന്‍ കഴിയില്ല. ഹൈകോടതി 56 പേജ് ദൈര്‍ഘ്യം ഉള്ള വിധി ആണ് എഴുതിയത്. എന്നാല്‍ കേസ് നിലനില്‍ക്കുമോ എന്ന പ്രാഥമികമായ കാര്യം പോലും വിധിയില്‍ ഇല്ല. ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പ് കാണാം. ഞാന്‍ ഈ ചാനല്‍ (റിപ്പബ്ലിക് ടി വി) കാണാറില്ല. പക്ഷെ ഒരു പൗരനെ ആണ് ജയിലില്‍ അയച്ചിരിക്കുന്നത്. പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കുന്നതിനുള്ള നടപടികള്‍ ഹൈക്കോടതികളില്‍ നിന്ന് ഉണ്ടാകണം. പണം നല്‍കാന്‍ ഉണ്ടെന്ന കാരണത്താല്‍ ഒരു വ്യക്തിക്ക് എതിരേ എങ്ങനെ ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കും. സര്‍ക്കാരുകള്‍ ചാനലുകളില്‍ നടക്കുന്ന ആക്ഷേപങ്ങള്‍ അവഗണിക്കണം. ഇത്തരം ആക്ഷേപങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തും എന്നാണോ (മഹാരാഷ്ട്ര) സര്‍ക്കാര്‍ കരുതുന്നത് ", എന്നും കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
അതേസമയം അന്വേഷണത്തിനോട് സഹകരിക്കണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും കോടതി അര്‍ണബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.
content highlights: Sc grants bail for Arnab Goswami