ന്യൂഡല്‍ഹി: ഗാന്ധി വധം പുനരന്വേഷിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസ് സംബന്ധിച്ച് പുനരന്വേഷണം നടത്തമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജസ്റ്റിസുമാരായ എസ്. എ ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
കേസ് പുനരന്വേഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, വൈകാരികതയല്ല നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കി. അക്കാദമിക് ഗവേഷണത്തിന്റെ ഭാഗമായുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെന്നും കേസ് പുനഃപരിശോധിക്കാന്‍ തക്കവിധം അടിസ്ഥാനമുള്ള വാദങ്ങളല്ല ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു.
ഗാന്ധി വധം സംബന്ധിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാട്ടി ഗവേഷകനും അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകനുമായ ഡോ. പങ്കജ് ഫട്‌നിസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് പുതിയ ചിലവസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും വധത്തിനു പിന്നില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. ഗൂഢാലോചന കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മരണസമയത്ത് ഗാന്ധിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റിരുന്നെന്നും ഗോഡ്‌സെയെ കൂടാതെ മറ്റൊരാള്‍ കൂടി വെടിയുതിര്‍ത്തിരുന്നുവെന്നുമാണ് വാദം. ഗോഡ്‌സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകളല്ല, അജ്ഞാതന്‍ ഉതിര്‍ത്ത നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധിയുടെ മരണ കാരണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ഹര്‍ജിയിലുന്നയിച്ചിരുന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര സരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലെന്നും കേസ് പുനഃപരിശോധിക്കേണ്ടതില്ലെന്നും കാണിച്ച് കഴിഞ്ഞ ഡിസംബറില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Content Highlights: Supreme court, Plea Dismissed, Mahatma Gandhi Assassination Probe