Justice K. Vinod Chandran | Photo: Mathrubhumi
ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പടെ അഞ്ചുപേരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാര്‍ശ. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് വിനോദ് ചന്ദ്രനെ ജനുവരിയില്‍ നിയമിച്ചേക്കും.
നിലവില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആര്‍.എം. ഛായ അടുത്ത വര്‍ഷം ജനുവരി പതിനൊന്നിന് വിരമിക്കും. കൊളീജിയം നൽകിയ ശുപാർശയ്ക്ക് അംഗീകാരം ലഭിച്ച് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഗുവാഹാട്ടി ഹൈക്കോടതിയിലെത്തിയാൽ അടുത്ത ചീഫ് ജസ്റ്റിസ് ആയി അദ്ദേഹമായിരിക്കും ചുമതലയേൽക്കുകയെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ നേരത്തെ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം മടക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം പുതിയ ശുപാര്‍ശ കൈമാറിയത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്‌സാനുദ്ധീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തു. നേരത്തെ സുപ്രീംകോടതി ജഡ്ജിയായി പരിഗണിച്ച സീനിയര്‍ അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്റെ പേര് കൊളീജിയം തയ്യാറാക്കിയ ശുപാര്‍ശയില്‍ ഉള്‍പ്പെട്ടിട്ടില്ല.
ജസ്റ്റിസ് സഞ്ജയ് മിശ്രയെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും ജസ്റ്റിസ് എന്‍.കെ. സിംഗിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുമുള്ള ശുപാര്‍ശയും സുപ്രീംകോടതി കൊളീജിയം ഇന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: sc collegium recommended justice vinode chandran as guwahati highcourt chief justice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..