രഞ്ജൻ ഗൊഗോയ് |Photo:PTI
ന്യൂഡൽഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. അസം എന്‍.ആര്‍.സി കേസില്‍ ഗോഗോയി എടുത്ത കടുത്ത നിലപാട് അദ്ദേഹത്തിനെതിരായ ഗൂഢാലോചനയ്ക്ക് കരണമായിട്ടുണ്ടാകമെന്ന് ഇന്റലിജന്‍സ് ബ്യുറോ ഡയറക്ടര്‍ അറിയിച്ചതായും ജസ്റ്റിസ് എ.കെ പട്‌നായികിന്റെ അധ്യക്ഷതയിലുള്ള സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റീപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് വര്‍ഷം പഴക്കമുള്ള വിഷയമായതിനാല്‍ തുടര്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗീക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായിക്കിനെ 2019 ല്‍ ചുമതലപ്പെടുത്തിയിരുന്നു. അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജസ്റ്റിസ് പട്‌നായിക് കോടതിക്ക് മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുന്‍ ചീഫ് ജസ്റ്റിസ്സിനെതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായേക്കാം എന്നാണ് സമിതിയുടെ നിഗമനം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ഗോഗോയ് എടുത്ത നിലപാട് ഗൂഢാലോചനയ്ക്ക് കാരണമായതായി ഇന്റീലിജന്‍സ് ബ്യുറോ ഡയറക്ടര്‍ ജസ്റ്റിസ് പട്‌നയിക്കിന് കത്ത് നല്‍കിയിരുന്നു.
ലൈംഗീക ആരോപണത്തെ കുറിച്ച് അന്വേഷിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി രഞ്ജന്‍ ഗോഗോയ്ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനാല്‍ ആ പരാതിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ തനിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് പട്‌നായിക് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പടെ തിരിച്ച് എടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ തുടര്‍ അന്വേഷണം ആവശ്യമില്ലെന്ന് ഇന്ന് റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പട്‌നായിക് നല്‍കിയ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ തന്നെ സൂക്ഷിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..