KV വിശ്വനാഥന്‍ ഉള്‍പ്പടെ നാല് പേരെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ അംഗീകാരം തേടി ചീഫ് ജസ്റ്റിസ്


ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ് 

ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നപക്ഷം, കെ.ജി. ബാലകൃഷ്ണന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന മലയാളിയായി കെ വി വിശ്വനാഥന്‍ മാറിയേക്കും.

സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെ.വി. വിശ്വനാഥന്‍ ഉള്‍പ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിന് അംഗീകാരം തേടി ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൊളീജിയം ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി. ജഡ്ജിമാരെ ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശ തയ്യാറാക്കുന്നതിനുള്ള യോഗം ചേരാത്തതിനാല്‍ ആണ് ചീഫ് ജസ്റ്റിസ് അസാധാരണമായ കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നപക്ഷം, കെ.ജി. ബാലകൃഷ്ണന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന മലയാളിയായി കെ.വി. വിശ്വനാഥന്‍ മാറിയേക്കും.

സീനിയര്‍ അഭിഭാഷകന്‍ കെ.വി. വിശ്വനാഥന് പുറമെ, പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം തേടിയാണ് ചീഫ് ജസ്റ്റിസ് കൊളീജിയം ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്.ഈ നാല് പേരെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ മുപ്പതിന് സുപ്രീം കോടതി കൊളീജിയം യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അന്ന് കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാത്രി ഒമ്പത് മണിവരെ ഹര്‍ജികളില്‍ വാദം കേട്ടതിനാല്‍ കൊളീജിയം യോഗം ചേരാന്‍ കഴിഞ്ഞില്ല. പൂജാ അവധിക്ക് അടച്ച കോടതി ഇനി ഒക്ടോബര്‍ പത്തിന് മാത്രമേ തുറക്കുകയുള്ളു. കൊളീജിയത്തിലെ അംഗങ്ങളായ പല ജഡ്ജിമാരും ഡല്‍ഹിയില്‍ ഇല്ലാത്തതിനാലാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് ശുപാര്‍ശയ്ക്ക് അംഗീകാരം തേടി കത്ത് നല്‍കിയത്.

ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് പുറമെ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ്. അബ്ദുള്‍ നസീര്‍, കെ.എം. ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ ഒരാള്‍ നിയമന ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയെന്നാണ് സൂചന. മറ്റ് രണ്ട് പേര്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം തേടി. ഒരാളുടെ നിലപാട് വ്യക്തമല്ല. നവംബര്‍ എട്ടിന ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് യു.യു. ലളിത് വിരമിക്കും. കീഴ്‌വഴക്കം അനുസരിച്ച് അതിന് ഒരു മാസം മുമ്പ് തന്റെ പിന്‍ഗാമിയായ ചീഫ് ജസ്റ്റിസിനെ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. ശുപാര്‍ശ കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് കൊളീജിയം യോഗം ചേരാറില്ല. അതിനാല്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ കത്തില്‍ കൊളീജിയം ജഡ്ജിമാര്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.

കെ.വി. വിശ്വനാഥനെ ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് നിലവില്‍ കൊളീജിയം അംഗീകാരം നല്‍കിയാല്‍ അദ്ദേഹം ഭാവിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകാനുള്ള സാധ്യതയുണ്ട്. 2030 ഓഗസ്റ്റ് പതിനൊന്നിന് ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കെ.വി. വിശ്വനാഥന് ഒമ്പത് മാസം രാജ്യത്തിന്റെ പരമോന്നത കോടതിയിലെ അധിപനാകാന്‍ സാധിക്കും.

പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണ് കെ.വി. വിശ്വനാഥന്‍. അറ്റോര്‍ണി ജനറല്‍ ആയിരുന്ന കെ.കെ. വേണുഗോപാലിന്റെയും സീനിയര്‍ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്റെയും ജൂനിയര്‍ ആയിരുന്നു. ലൈഫ് മിഷന്‍ ഉള്‍പ്പടെ സര്‍ക്കാരിന് നിര്‍ണായകമായ പല കേസുകളിലും കേരളത്തിന്റെ സീനിയര്‍ അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്‍ ആയിരുന്നു.

Content Highlights: sc chief justice sends letter to collegium seeking approval for the elavation of four judges


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented