സുപ്രീം കോടതി. Photo: PTI
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നല്കിയ നോട്ടീസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നോട്ടീസ് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങള്‍ കൈമാറിയത്. എന്നാല്‍, സര്‍ക്കാര്‍ പരാതിക്കാരെനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് നിയമ വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ അവസാന അവസരം നല്‍കുകയാണ്. ഫെബ്രുവരി പതിനെട്ടിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 833 പേര് പ്രതികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ഇതില്‍ 236 നോട്ടീസുകളില്‍ ഉത്തരവിറക്കി കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി രൂപീകരിക്കുന്ന ക്ലയിം ട്രിബ്യുണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി 2009-ലും 2018-ലും പുറപ്പടുവിച്ച രണ്ട് വിധികളില്‍ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാതെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ട്രിബ്യൂണലുകളില്‍ നിയമിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമം പാലിച്ച് മാത്രമേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ആസ്തി കണ്ടുകെട്ടല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
Content Highlights: sc asks uttarpradesh government to withdraw order to attach properties of caa protestents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..