ന്യൂഡല്‍ഹി:  ഒമ്പതംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ജനുവരി 17ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ യോഗം വിളിക്കുമെന്ന് ചിഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മൂന്നാഴ്ച സമയം അനുവദിച്ചു. അതിന് ശേഷം വിഷയം പരിഗണിക്കുമ്പോള്‍ ശബരിമലയാകും ആദ്യം പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ഏതെങ്കിലും പ്രത്യേക വിഷയത്തിന്മേലുള്ള വാദം ഉണ്ടാകില്ലെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിണനയ്ക്ക് വിട്ട ചോദ്യങ്ങളെക്കുറിച്ചുള്ള വാദങ്ങളാകും കോടതിയില്‍ നടക്കുക. 

ഈ ചോദ്യങ്ങള്‍ എന്താണെന്ന് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകര്‍ക്കിടയില്‍ യോഗം വിളിച്ചുചേര്‍ക്കാനാണ് കോടതി തീരുമാനിച്ചത്. ഈ യോഗമാണ് 17ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കുക. യോഗത്തില്‍ പങ്കെടുക്കേണ്ട അഭിഭാഷകര്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ നാല് സീനീയര്‍ അഭിഭാഷകര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

അഭിഷേക് മനു സിങ്‌വി, സി.എസ്. വൈദ്യനാഥന്‍, രാജീവ് ധവാന്‍, ഇന്ദിരാ ജെയ്‌സിങ് എന്നീ അഭിഭാഷകരായിരിക്കും ഈ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യുക. 

അഞ്ചംഗം ബെഞ്ച് വിശാല ബെഞ്ചിന് വിട്ട ചോദ്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കുന്നതിന് പുറമെ മറ്റേതെങ്കിലും വിഷയങ്ങള്‍ കൂടി ഈ ബെഞ്ച് പരിഗണിക്കണമോയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ഊന്നിയാകില്ല ബെഞ്ച് വാദം കേള്‍ക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവെല്ലാം വിശാലബെഞ്ച് പരിഗണിക്കും. എന്നാല്‍ അതെല്ലാം ഓരോ വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

മാത്രമല്ല വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ചക്കകം യോഗം ചേര്‍ന്ന് വിഷയങ്ങള്‍ തീരുമാനിച്ച് ഉടന്‍ വാദം തുടങ്ങണമെന്നാണ് അദ്ദഹം പറഞ്ഞിരിക്കുന്നത്. 

ഒമ്പതംഗ ബെഞ്ചിന്റെ തീര്‍പ്പിന് ശേഷം മാത്രമെ ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനഃപരിശോധാ ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുകയുള്ളു. 

Content Highlights: SC 9 member bench will hear arguments after 3 weeks on Sabarimala women entry cases