മുംബൈ: വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് എസ്.ബി.ഐ. നയിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 792.11 കോടി രൂപ വീണ്ടെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബാങ്കുകൾക്കു കൈമാറിയ ഓഹരികളാണ് അവര്‍ വിറ്റത്. വായ്പാ തട്ടിപ്പുകേസില്‍ രാജ്യം വിട്ട വ്യവസായികളാണ് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ.

കഴിഞ്ഞമാസം 13,109.17 കോടിരൂപ മൂല്യമുള്ള ‌ഇവരുടെ ഓഹരികള്‍  സമാനരീതിയിൽ  ബാങ്കുകള്‍ക്കും സര്‍ക്കാരിനും കൈമാറിയതായി ഇ.ഡി. അറിയിച്ചു. ഇതുവരെ 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് ഈ വ്യവസായികളുടേതായി ഇ.ഡി. പിടിച്ചെടുത്തത്. ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ ഏകദേശം 80.45 ശതമാനം വരുമിത്. 

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമാണ് ഇ.ഡി. സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.  പ്രവർത്തനം നിലച്ച  കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥനായ വിജയ് മല്യ 9000 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി,  അമ്മാവൻ മെഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 13,000 കോടി രൂപയുടെ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിടുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നീരവ് മോദി ലണ്ടന്‍ ജയിലിലാണ്. വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ യു.കെ.യിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. യു.കെ. ഹൈക്കോടതി ഇതുശരിവെച്ചതിനാല്‍ മല്യക്കു ജാമ്യം നിഷേധിച്ചിരിക്കുകയാണ്. മല്യയെയും മോദിയെയും സാമ്പത്തിക തട്ടിപ്പുകേസ് പ്രതികളായി മുംബൈയിലെ  കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Content Highlights: SBI other Lenders Recover Another 792-crore by Selling Shares of Sallya Nirav Modi Choksi