സൂറത്ത്: സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 600 കാറുകളും ഫ്‌ലാറ്റുകളും നല്‍കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ ചാവികള്‍ കൈമാറിയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 25000 ത്തോളം വരുന്ന സദസ്സിനെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്തു.

കമ്പനിയിലെ ജീവനക്കാര്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ ആനുകൂല്യങ്ങളായി നല്‍കുന്നതിലൂടെ പ്രശസ്തനായ വ്യക്തിയാണ് സൂറത്തിലെ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമയായ സവ്ജി ദൊലാക്യ.  മാരുതി സുസുക്കി ആള്‍ട്ടോ, മാരുതി സുസുക്കി സെലേറിയോ മോഡലുകളില്‍ പെട്ട കാറുകളാണ് ജീവനക്കാര്‍ക്ക് നല്‍കുക.

കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്ക് വഹിച്ച 1600 ല്‍ കൂടുതല്‍ വരുന്ന വജ്രാഭരണ ജോലിക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഇവരുടെ താല്‍പര്യത്തിന് അനുസരിച്ച് കാറോ, ഫ്‌ളാറ്റോ, എഫ്.ഡിയോ തെരഞ്ഞെടുക്കാം. ആകെ 5500 ജീവനക്കാരുള്ള ഈ കമ്പനിയില്‍ 4000 ജീവനക്കാര്‍ക്കും പലതവണകളായി ഇത്തരത്തിലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കമ്പനിയില്‍ നിന്ന് ലഭിച്ചു കഴിഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് കമ്പനിയില്‍ 25 വര്‍ഷം തികച്ച മൂന്ന് സീനിയര്‍ ജീവനക്കാര്‍ക്ക് ഒരു കോടിയോളം വില വരുന്ന ബെന്‍സ് എസ്.യു.വി കാറാണ് ദൊലാക്യ സമ്മാനമായി നല്‍കിയത്. കഴിഞ്ഞ വര്‍ഷം 1200 ഡാറ്റ്‌സണ്‍ റെഡി ഗോ കാറാണ് ദൊലാക്യ തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്.

ഒരു തവണ ജീവനക്കാര്‍ക്കുള്ള ദീപാവലി ആനുകൂല്യമായി 51 കോടി രൂപ ചിലവഴിച്ചും ദൊലാക്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തികച്ചും ദാരിദ്രം നിറഞ്ഞ ചുറ്റുപാടില്‍ ജനിച്ച ദൊലോക്യ അമ്മാവനില്‍നിന്ന് പണം കടംവാങ്ങി സ്വന്തം അധ്വാനത്തിലൂടെ ഒരു വജ്ര വ്യാപാര സാമ്രാജ്യം സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ്.

content highlights: Savji Dholakia gives away 600 cars to employees