ലഖ്‌നൗ: യുപിയിലെ ദളിത് നേതാവും എംപിയുമായ സാവിത്രി ബായി ഫൂലെ ബിജെപിയില്‍നിന്ന് രാജിവച്ചു. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സാവിത്രിയുടെ രാജി. ലോക്‌സഭയില്‍ ബഹറായീച്ച് മണ്ഡലത്തെയാണ് സാവിത്രി പ്രതിനിധീകരിക്കുന്നത്. 

ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനത്തിലാണ് ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് താന്‍ രാജിവെക്കുകയാണെന്ന് സാവിത്രി അറിയിച്ചത്‌. ദളിതുകള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെ വലിയ ഗൂഢാലോചനയാണ്‌ ബി ജെ പി സര്‍ക്കാര്‍ നടത്തുന്നെന്നും, അതിനാലാണ് ബി ജെ പി വിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

താനൊരു സാമൂഹികപ്രവര്‍ത്തകയാണ്, ദളിതുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ബി ജെ പി ദളിത് സംവരണത്തിനു വേണ്ടി യാതൊന്നും ചെയ്യുന്നില്ല- സാവിത്രി ആരോപിച്ചു.

ലഖ്‌നൗവില്‍ ജനുവരി 23ന് മെഗാ റാലി സംഘടിപ്പിക്കുമെന്നും സാവിത്രി ന്യൂസ് 18 നോടു വ്യക്തമാക്കി. ദളിത് വിഷയങ്ങളില്‍ ബി ജെ പയുടെ സമീപനങ്ങളെ വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു സാവിത്രി.

content highlights: Savitri bai phule resigned from bjp