കൊല്‍ക്കത്ത: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്തമാനിലെ സെല്ലുലാര്‍ ജയില്‍ സവര്‍ക്കര്‍ 'തീര്‍ഥസ്ഥാന്‍' (പുണ്യസ്ഥലം) ആക്കി മാറ്റിയെന്നും ഷാ പറഞ്ഞു. അന്തമാന്‍-നിക്കോബാര്‍ ദ്വീപിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അന്തമാനിലെത്തിയ അമിത് ഷാ, നാഷണല്‍ മെമ്മോറിയല്‍ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച ശേഷം രക്തസാക്ഷിസ്തൂപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്‍ സന്ദര്‍ശിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. 

സച്ചിന്‍ സന്യാലിനെയും അമിത് ഷാ അനുസ്മരിച്ചു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു സച്ചിനെന്ന് ഷാ പറഞ്ഞു. സച്ചിന്‍ സന്യാലിനെ പാര്‍പ്പിച്ചിരുന്ന സെല്‍ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ചിത്രത്തില്‍ മാലചാര്‍ത്തുകയും ചെയ്തു. എന്നെപ്പോലൊരാളെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികനിമിഷം ആയിരുന്നു അത്, ഷാ പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ പശ്ചിമ ബംഗാള്‍ നല്‍കിയ സംഭാവനകളെയും അമിത് ഷാ അനുസ്മരിച്ചു. 

സവർക്കറുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പരാമർശം ഏറെ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്തമാനിലെ ജയിലിൽ കഴിയുമ്പോൾ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന് കഴിഞ്ഞദിവസം രാജ്‌നാഥ് സിങ് അവകാശപ്പെട്ടിരുന്നു. സവർക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി ബ്രിട്ടീഷ് സർക്കാരിനു കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlights" savarkar's contributions to indian freedom struggle will be remembered forever