കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. സൗഗത റോയ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാനൊരുങ്ങുകയാണെന്ന് ബി.ജെ.പി. എം.പി. അര്‍ജുന്‍ സിങ്. സൗഗതയ്‌ക്കൊപ്പം മറ്റു നാല് തൃണമൂല്‍ എം.പിമാരും പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുമെന്നും ബി.ജെ.പിയില്‍ ചേരുമെന്നും അര്‍ജുന്‍ സിങ് അവകാശപ്പെട്ടു.
'ക്യാമറക്ക് മുന്നില്‍ സുഗത റോയ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായും മമത ബാനര്‍ജിയിലുടെ ഇടനിലക്കാരനായും അഭിനയിക്കുകയാണ്.' അര്‍ജുന്‍ സിങ് പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസുമായി തുറന്ന പോരിലുളള ബംഗാള്‍ ഗതാഗത മന്ത്രി സുബേന്ദു അധികാരിയെ കുറിച്ചും അര്‍ജുന്‍ സിങ് സംസാരിച്ചു.' അദ്ദേഹം ഒരു മാസ് ലീഡറാണ്. അധികാരിയെയും പാര്‍ട്ടിക്ക് വേണ്ടി രക്തം പോലും നല്‍കിയ വേറെ കുറച്ചുപേരേയും ആശ്രയിച്ചാണ് മമത നേതാവായത്. ഇപ്പോള്‍ അവര്‍ ഭൂതകാലം നിഷേധിച്ച് അന്തരവന്‍ അഭിഷേക് ബാനര്‍ജിയെ കസേരയിലിരുത്താന്‍ ശ്രമിക്കുകയാണ്. ഒരു ജനനേതാവിനും ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.' അര്‍ജുന്‍ പറഞ്ഞു.
'സുബേന്ദു അധികാരി അധിക്ഷേപിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിടണം. ബി.ജെപി. അദ്ദേഹത്തെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. ബംഗാളില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിക്കും. സുബേന്ദു ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ പിന്നെ സംസ്ഥാന സര്‍ക്കാരിന് അതിജീവിക്കാനാവില്ല. അത് നാമാവശേഷമാകും.' അര്‍ജുന്‍ അവകാശപ്പെട്ടു.
Content Highlights:Saugata Roy will resign with 4 MPs to join BJP says BJP MP Arjun Singh