മുംബൈ: അഡംബര കപ്പലിലെ ലഹരിക്കേസില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതികരണവുമായി എന്‍സിബി മുംബൈ മേഖല ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് 'സത്യം മാത്രമേ ജയിക്കു' എന്നാണ് സമീര്‍ വാങ്ക്‌ഡെ പറഞ്ഞത്. അതേസമയം കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അദ്ദേഹം തയ്യാറായില്ല. 

രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. 

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ എന്‍.സി.ബി കോടതിയെ അറിയിച്ചു. എന്‍.സി.ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്. ഇതോടെ ആര്യന്‍ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ തന്നെ തുടരും. 

കോടതി വിധിയില്‍ നിരാശയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള വഴിയെന്നും ആര്യന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ആര്യന്‍ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നല്‍കി ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.

content highlights; Satyamev Jayate, NCB officer Sameer Wankhede on Aryan Khan's bail rejection