പ്രതീകാത്മക ചിത്രം | ഫോട്ടോ: twitter.com|IRCTCofficial
ന്യൂഡല്‍ഹി: തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികളിലെ യാത്ര 'സസ്യഭക്ഷണ സൗഹൃദ'മാക്കാന് ഐആർസിടിസി. തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ 'സാത്വിക് സര്‍ട്ടിഫൈഡ്' ഭക്ഷണം ലഭ്യമാക്കുമെന്ന് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഐആർസിടിസിയുമായി ധാരണയിലെത്തിയതായി സാത്വിക് കൗൺസിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, ഐആർസിടിസി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സസ്യഭക്ഷണത്തിന് നിലവാര സര്‍ട്ടിഫിക്കറ്റ് നല്കുന്ന സംവിധാനമാണ് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആല്‍ക്കഹോള്‍, നിക്കോട്ടിന് എന്നിവയൊന്നും ഇല്ലാത്ത പൂര്‍ണ സസ്യഭക്ഷണ ഉല്പന്നങ്ങള്ക്കാണ് സാത്വിക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളില്‍ സസ്യഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഐആര്‍സിടിസിയുമായി കൈകോര്‍ക്കുന്നതായി സാത്വിക് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഐആര്‍സിടിസിയുമായി ചേര്‍ന്ന് നവംബര്‍ 15 മുതല്‍ സാത്വിക് സര്ട്ടിഫിക്കേഷന് പദ്ധതി നടപ്പാക്കും. കൂടാതെ, തീവണ്ടികളിലെ സസ്യഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും.
ഐആര്‍സിടിസി ഡല്‍ഹിയില്‍നിന്ന് കത്രയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസില്‍ സാത്വിക് സര്‍ട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു. ഇത്തരത്തിലുള്ള 18 തീവണ്ടികളില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഐആര്‍സിടിസിയുടെ പാചകശാലകള്‍ കൂടാതെ, എക്സിക്യൂട്ടീവ് ലോഞ്ചുകള്‍, ബഡ്ജറ്റ് ഹോട്ടലുകള്‍, ഫുഡ് പ്ലാസകള്‍, ട്രാവല്‍-ടൂര്‍ പാക്കേജുകള്‍, റെയില്‍നീര്‍ പ്ലാന്റുകള്‍ എന്നിവയ്ക്കും സാത്വിക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
Content Highlights: Sattvik Certified Vegetarian Food On Trains To Religious Sites
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..