ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് മുന്‍പുതന്നെ ചൈന ഈ മേഖലയില്‍ സൈനിക ഇടപെടല്‍ നടത്തിയിരുന്നെന്ന് സൂചിപ്പിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്. വലിയ ഉപകരണങ്ങള്‍ ഗല്‍വാന്‍ താഴ്വരയില്‍ എത്തിച്ചിരുന്നു. മലയുടെ ഭാഗം ഇടിച്ച് പാത നിര്‍മ്മിക്കുകയും നദിയുടെ ഗതിമാറ്റത്തിനിടയാക്കുന്ന നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തതായി വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങളെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്ലാനറ്റ് ലാബ്‌സ് എടുത്ത ചിത്രങ്ങളാണ് ചൈനയുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മലയുടെ ഭാഗങ്ങള്‍ ഇടിച്ച് പാതകളുടെ വീതി കൂട്ടുകയും മണ്ണ് നീക്കുകയും ചെയ്തിട്ടുള്ളതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഗല്‍വാന്‍ നദിയുടെ ഒഴുക്കിനെ ബാധിക്കുംവിധത്തിലുള്ള മാറ്റങ്ങളാണ് ചൈന ഇവിടെ നടത്തിയതെന്നാണ് സൂചന. ഇതിനായി ചൈന ഉപയോഗിച്ച ബുള്‍ഡോസറുകള്‍ അടക്കമുള്ള ഉപകരണങ്ങളും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണ രേഖയില്‍ ഇരുവശങ്ങളിലും നിരവധി വാഹനങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യയുടെ ഭാഗത്ത് 30-40 വാഹനങ്ങളാണുള്ളതെങ്കില്‍ ചൈനയുടെ ഭാഗത്ത് നൂറിലധികം വാഹനങ്ങളുണ്ട്. ഇതും മേഖലയില്‍ ചൈന അസാധാരണമായ ഇടപെടല്‍ നടത്തിയിരുന്നു എന്നതിന്റെ സൂചനയാണ്. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്ത് ചൈന നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവശിഷ്ടങ്ങള്‍ സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഒരാഴ്ച മുന്‍പുള്ള ദൃശ്യങ്ങളില്‍ ഇവയില്ല. ഇതിനര്‍ഥം ചൈന അടുത്ത ദിവസങ്ങളില്‍ നിര്‍മിച്ചവയാണ് ഇത് എന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്വയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഏറ്റുമുട്ടലില്‍ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
Content Highlights: Satellite Images Suggest Increased Chinese Activity along Border with India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..