ന്യൂഡല്‍ഹി:  ടിബറ്റിലെ മാനസ സരോവര്‍ തടാകത്തിന് സമീപം ചൈന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിക്കുന്ന ഉപഗ്രഹ ചിത്രം പുറത്തുവന്നു. പേര് വെളിപ്പെടുത്താത്ത ഒരാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. @detresfa_ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലിപുലേഖ് ചുരത്തിന് സമീപത്തേക്ക് ചൈന കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ഉപഗ്രഹ ചിത്രം വന്നിരിക്കുന്നത്. മാനസ സരോവറിന് സമീപം കൂടുതല്‍ കാലം താമസിക്കാനാകുന്ന തരത്തിലുള്ള ടെന്റുകള്‍ അടങ്ങുന്ന വലിയ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂതല- വ്യോമ മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനമാണ് മാനസസരോവറിന് സമീപം ചൈന നിര്‍മിക്കുന്നതെന്നാണ് ചിത്രത്തില്‍ അടയാളപ്പെടുത്തുന്നത്.

ഹിന്ദുക്കള്‍ വിശുദ്ധമെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് മാനസ സരോവര തടാകവും കൈലാസവും.  ഇന്ത്യയില്‍ നിന്നുള്ള വ്യോമാക്രമണത്തെ തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനങ്ങളെന്നാണ് കരുതുന്നത്. സുപ്രധാന കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനെ ഉദ്ദേശിച്ചാണ് സാധാരണ ഗതിയില്‍ ഭുതല- വ്യോമ മിസൈലുകള്‍ ഉപയോഗിക്കുന്നത്. 

ചൈനയ്ക്ക് സ്വന്തമായി വികസിപ്പിച്ചതും റഷ്യയില്‍ നിന്ന് വാങ്ങിയതുമായ ഇത്തരം മിസൈലുകളുടെ വലിയൊരു സംവിധാനം തന്നെയുണ്ട്. ഈ മേഖലയില്‍ ചൈന മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് നിര്‍ണായക കണ്ടെത്തലാണ്. 

ടിബറ്റില്‍ ഇന്ത്യയെ ഉന്നമിട്ട് ചൈന വലിയതോതില്‍ സൈനിക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ നിര്‍ണായകമായ ങാരി ഗുന്‍സ വിമാനത്താവളം, ഷിഗേസ് വിമാനത്താവളം, ലാസ ഗൊങ്കാര്‍ വിമാനത്താവളം തുടങ്ങിയവ ടിബറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തുന്നതിനാകും മിസൈല്‍ വിന്യാസമെന്നാണ് കരുതുന്നത്.

Content Highlights: Satellite images reveal China is building surface-to-air missile site at Mansarovar Lake