ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ തയാറെടുക്കുന്ന ശശികലയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം. ഒരുവിഭാഗം എം.എല്‍.എമാര്‍ ശശികല മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കുന്നതായ വാര്‍ത്തകള്‍ക്കിടെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന് തന്നെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാണ്ഡ്യന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ജയലളിത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സപ്തംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി. ജയലളിതയെ ആരോ പിടിച്ചുതള്ളി, അവര്‍ താഴെ വീണു. ഈ സംഭവത്തില്‍ ജയലളിത ഏറെ ദു:ഖിതയായിരുന്നുവെന്നും പാണ്ഡ്യന് ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2011 ല്‍ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ശശികലയെ ജയലളിതയെ പുറത്താക്കിയതാണ്. അങ്ങനെയൊരാള്‍ പിന്നീട് മാപ്പ് പറഞ്ഞ് കൂടെക്കൂടുകയും ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികല മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ജയലളിത തന്നെ തന്നോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാകാനും ശശികലയ്ക്ക് യാതൊരു അര്‍ഹതയുമില്ല. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 22 മുതല്‍ ഇതുവരെ ഞാന്‍ ഒന്നും പറയാതെ മൗനം അവലംബിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കാര്യങ്ങള്‍ കാരണമാണ് ഞാന്‍ മൗനം വെടിയുന്നത്.
ജയലളിതയ്ക്ക് നല്കിയ ചികിത്സയെക്കുറിച്ച് ആരെയും ഒന്നും അറിയിച്ചില്ല. അപ്പോളോ ആശുപത്രിയിലെ പ്രതാപ് റെഡ്ഡി ഞങ്ങളോട് പറഞ്ഞത് എന്നോട് ക്ഷമിക്കണമെന്നും പ്രാര്‍ഥിക്കാനുമാണ്-പാണ്ഡ്യന് പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..