ന്യൂഡല്‍ഹി:  ജയലളിതയുടെ അസാന്നിധ്യത്തില്‍ മുഖ്യമന്ത്രി കസേര കൈപ്പിടിയിലൊതുക്കാനുള്ള ശശികലയുടെ മോഹങ്ങളാണ് കോടതി വിധി തകര്‍ത്തത്. നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെ വന്ന കോടതി വിധി അക്ഷരാര്‍ഥത്തില്‍ ശശികല ക്യാമ്പിനെ ഞെട്ടിച്ചു. വാര്‍ത്ത അറിഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു.

ഒരുകാലത്ത് ജയലളിതയെ വേട്ടയാടിയ കേസ് ജയലളിതയ്ക്ക് പിന്നാലെ തോഴിക്കും വിനയാകുമ്പോള്‍ അവരുടെ മുഖ്യമന്ത്രി മോഹവും കൂടിയാണ് എന്നന്നേക്കുമായി അടയുന്നത്. 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല എന്ന യാഥാര്‍ഥ്യം അണ്ണാഡിഎംകെ രാഷ് ട്രീയത്തിലും വന്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കും.

ശശികല വിരുദ്ധ ചേരി പാര്‍ട്ടിയില്‍ കരുത്താര്‍ജിക്കുന്നതോടെ ശശികലപക്ഷത്ത് ഇപ്പോള്‍ നിലയുറപ്പിച്ചവര്‍ക്ക് ഒന്നുകില്‍ അതിന് വിധേയരാകേണ്ടിവരാം. അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്തുപോകേണ്ടി വരാം. പനീര്‍ശെല്‍വത്തിന് അനുദിനം പിന്തുണയേറുന്ന സാഹചര്യത്തില്‍ തന്റെ വിശ്വസ്തരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കി പണ്ട് ജയലളിത ചെയ്തതുപോലെ പിന്നില്‍ നിന്ന് അധികാരം നിയന്ത്രിക്കാം എന്ന സാധ്യത ശശികലയ്ക്ക്‌ മുന്നിലുണ്ട്. സെങ്കോട്ടയ്യന്‍, പളനിസ്വാമി എന്നിവരില്‍ ഒരാളെയാണ് അവര്‍ മനസ്സില്‍ കണ്ടത്. പക്ഷേ ഈ നീക്കത്തിന് ഗവര്‍ണറുടെ പിന്തുണ കിട്ടുമോ എന്ന് കണ്ടറിയണം. 

ജയലളിതയുടെ തോഴിയായി നിന്ന് പാര്‍ട്ടിയില്‍ അധികാരകേന്ദ്രം വളര്‍ത്തിയെടുത്താണ് ശശികല ഇന്നത്തെ ശശികലയായി മാറിയത്. പാര്‍ട്ടിക്കുള്ളില്‍ അവര്‍ വളര്‍ത്തിയെടുത്ത അധികാരകേന്ദ്രം എന്നും മന്നാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് 2011 ല്‍ ശശികലയെ ജയലളിത പുറത്താക്കിയെങ്കിലും വൈകാതെ തിരിച്ചെടുത്തു. 

ജയലളിതയുടെ അന്ത്യയാത്രയില്‍ മൃതദേഹത്തെ അവസാനം വരെ അനുഗമിച്ച് അമ്മയ്ക്ക് പകരം ചിന്നമ്മ എന്ന മേല്‍വിലാസം പാര്‍ട്ടി പ്രവര്‍ത്തകരിലും ജനങ്ങളിലും സൃഷ് ടിക്കാന്‍ അവര്‍ ശ്രമിച്ചു. ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ ആ കസേര സ്വന്തമാക്കി എന്ന വിമര്‍ശനവും എതിര്‍പ്പും ഒഴിവാക്കാന്‍ തത്കാലം പനീര്‍ശെല്‍വത്തെ അവര്‍ പിന്തുണച്ച് തക്കം പാര്‍ത്തു.

ജയലളിത മരിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പ് തന്നെ അവര്‍ പനീര്‍ശെല്‍വസത്തെ സ്ഥാനഭ്രഷ് ടനാക്കി മുഖ്യമന്ത്രി കസേര കൈ എത്തും ദൂരത്തെത്തിച്ചു. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സുപ്രീംകോടതിയില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധിവരും എന്ന അറിയിപ്പുണ്ടായി. അതോടെ ശശികല ക്യാമ്പ് അപകടം മണത്തു. അപ്പോഴും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എം.എല്‍.എമാരുടെ പിന്തുണ അവര്‍ ഉറപ്പിച്ച് കരുക്കള്‍നീക്കി.

പക്ഷേ സഭ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടാതെ ഗവര്‍ണര്‍ വച്ചുതാമസിപ്പിച്ചു. അവസരം മുതലാക്കി പനീര്‍ശെല്‍വം ക്യാമ്പ് എം.എല്‍.എമാരേയും എം.പിമാരേയും ഒന്നൊന്നായി അടര്‍ത്തിയെടുക്കാന്‍ തുടങ്ങി. പനീര്‍ശെല്‍വം ക്യാമ്പിന്റെ തന്ത്രങ്ങള്‍ മെനഞ്ഞ മൈത്രേയന്‍ പലവട്ടം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

കോടതി വിധി കണ്ടറിയാം, ആയിരം പനീര്‍ശെല്‍വങ്ങളെ കണ്ടിട്ടുണ്ട് എന്നിങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഷ് ട്രീയം പറഞ്ഞുതുടങ്ങിയ ശശികലയ്ക്ക് പക്ഷേ മുഖ്യമന്ത്രിക്കസേര കൈയെത്തും ദൂരെ നഷ് ടമായി. മുഖ്യമന്ത്രിയാകാന്‍ അവകാശം ചോദിച്ചുള്ള കാത്തിരിപ്പിനൊടുവില്‍ യാത്ര നേരെ ജയിലിലേക്കായി എന്നത് മറ്റൊരു വിധിവൈപരീത്യം