ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍ മോചിതയായി. നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയാണ് അവര്‍ ജയില്‍ മോചിതയായത്. കോവിഡ് ബാധിതയായി ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവര്‍ രോഗം ഭേദമാകുന്നത് വരെ ആശുപത്രിയില്‍ തുടര്‍ന്നേക്കും. അതേസമയം, ശശികല ജയില്‍ മോചിതയാകുന്ന ദിവസം തന്നെ ജയലളിത സ്മൃതി മണ്ഡപം എ.ഐ.എ.ഡി.എം.കെ. നേതൃത്വം ഉദ്ഘാടനം ചെയ്തു.

പരപ്പന അഗ്രഹാര ജയില്‍ ചീഫ് ജയില്‍ സൂപ്രണ്ട് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെത്തിയാണ് മോചന ഉത്തരവ് കൈമാറിയത്. കോവിഡ് വാര്‍ഡില്‍ ശശികലയ്ക്ക് നല്‍കി വന്നിരുന്ന പോലീസ് കാവലും പിന്‍വലിച്ചു. ശശികലയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ ബന്ധുക്കള്‍ക്ക് കൈമാറി. ജയിലില്‍ മെഴുകുതിരി നിര്‍മാണ യൂണിറ്റില്‍ ശശികലയ്ക്ക് ജോലിയുണ്ടായിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ജോലി ചെയ്തിരുന്നില്ല. അതിനാല്‍ കൂലി ഇനത്തില്‍ പണം ലഭിച്ചിട്ടില്ല.

നേരത്തെ, കഴിഞ്ഞ ആഴ്ച പരപ്പന അഗ്രഹാര ജയിലില്‍വെച്ച് ശശികലയ്ക്ക് പനിയും ശ്വാസതടസ്സവുമുണ്ടായതിനെത്തുടര്‍ന്നാണ് അവരെ ബൗറിങ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ അവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യുമോണിയയും ബാധിച്ചിട്ടുണ്ട്.

അതേസമയം, ശശികലയെ പരിഗണിക്കാതെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയാണ് എ.ഐ.എ.ഡി.എം.കെ. നേതൃത്വം. അതിന്റെ ആദ്യപടിയാണ് ശശികലയുടെ ജയില്‍മോചന ദിവസം മറീനാ ബീച്ചില്‍ ജയലളിത സ്മാരകം ഉദ്ഘാടനം ചെയ്തതെന്നാണ് വിലയിരുത്തല്‍. 

Content Highlights: Sasikala, expelled AIADMK leader and Jayalalithaa’s close aide, released after 4 years in prison